കൊച്ചി പഴയ കൊച്ചി ഒന്നും അല്ല. ഇപ്പൊ മെട്രോയും ലുലു മാളും ഒക്കെ ഉണ്ട്. ഇത് ഒക്കെ വരുന്നതിന് മുമ്പുള്ള ഒരു കാലം, ആ കാലത്താണ് ഞാൻ ഒരു ജോലി തേടി കൊച്ചിയിൽ അലയുന്നത്. വീട്ടിൽ നിന്ന് കാശ് ചോദിക്കാൻ അഭിമാനം അനുവദിക്കാത്ത കൊണ്ട് ബാംഗ്ലൂർ നിന്ന് ജോലി ഉപേക്ഷിച്ചു പോരുമ്പോൾ കിട്ടിയ അവസാനത്തെ ശമ്പളം നുള്ളി പെറുക്കി ജീവിക്കുന്ന അവസ്‌ഥ ആയിരുന്നു. എന്നാലും കൊച്ചി വല്ലാതെ മോഹിപ്പിച്ചിരുന്നു.
അലച്ചിലിനൊടുവിൽ ഒരു കോൾ സെന്ററിൽ ജോലി ശരിയായി. വൈകിട്ട് ആണ് ജോലി. രാത്രി പത്തു മണിക്ക് മടങ്ങാം. പകൽ നന്നായി ഉറങ്ങാനും പറ്റും.
ഇതിനിടെ താമസം കളമശ്ശേരി ഉള്ള ഒരു ലോഡ്ജിൽ തരപ്പെടുത്തി. ഒരു ഭാർഗവീനിലയം പോലുള്ള ലോഡ്ജ് ആയിരുന്നു. ഉടമയും നല്ല പ്രായമുള്ള കർക്കശകാരനായ ഒരു കാർന്നോർ ആയിരുന്നു. മൂട്ടകളുടെ ആ ഭാഗത്തെ വിഹാര കേന്ദ്രം ആയിരുന്നു ആ പഴഞ്ചൻ കെട്ടിടമെങ്കിലും അങ്ങേർക്ക് അത് ഏതോ ബംഗ്ലാവ് പോലെ ആയിരുന്നു.
ഒരു മുറിയിൽ രണ്ടുപേർ തങ്ങേണ്ടി വരും എന്ന് പറഞ്ഞപ്പോൾ വാടക കുറയും എന്നോർത്തു ഞാൻ സമ്മതിച്ചു. അവിടെ ഉള്ള മറ്റു അന്തേവാസികൾ ഒക്കെ വളരെ വ്യത്യസ്ത സ്വാഭാവക്കാർ ആയിരുന്നു. വലതു ഭാഗത്തെ മുറിയിൽ ഒരു തിരുവനന്തപുരം കാരൻ ആയിരുന്നു താമസം. വാചകമടിച്ചു ആരെയും വീഴ്ത്താൻ മിടുക്കൻ. പെണ്ണുങ്ങളുമായുള്ള പുള്ളിയുടെ നിറം പിടിപ്പിച്ച നുണക്കഥകൾ കേൾക്കാൻ പലപ്പോഴും ഗതികെട്ട് നിന്നിട്ടുണ്ട്. ഇടതു ഭാഗത്തെ മുറിയിൽ ഒരു കോട്ടയം കാരൻ ടാക്സി ഡ്രൈവറും കൂടെ കോഴിക്കോട് കാരൻ ഒരു പയ്യനും ആയിരുന്നു താമസം.
ഡ്രൈവർ മഹാ ജാഡ തെണ്ടിയും പയ്യൻ നല്ല കമ്പനിയും ആയിരുന്നു.
പിന്നെയുള്ള മുറികളിൽ ഒന്നിൽ എപ്പോഴും മദ്യം കഴിച്ചിരിക്കുന്ന ഒരു എഴുത്തുകാരൻ. രാത്രി മാത്രം പുറത്തിറങ്ങുന്ന ഒരു ട്രാൻസ്ജെൻഡർ യുവതി. പിന്നെ ആരോടും മിണ്ടാത്ത ഒരു ഹോമിയോ ഡോക്ടറും.
ഒരു സാധു മനുഷ്യൻ ആയിരുന്നു എന്റെ സഹമുറിയൻ.
വയസ്സ് പത്ത് നാൽപത് അടുത്ത് ഉണ്ടെങ്കിലും വിവാഹം കഴിഞ്ഞില്ല. ഒരു മൂത്ത സഹോദരി അല്ലാതെ വേറെ ബന്ധുക്കൾ ആരും ഇല്ലത്രേ. ഒരു ഉടായിപ്പ് കമ്പനിയുടെ സെയിൽസ്മാൻ ആയിരുന്നു കക്ഷി.ശുദ്ധബ്രാഹ്മണനും ശുദ്ധ വെജിറ്റേറിയനും കടുത്ത ലഹരി വിരോധിയും സർവ്വോപരി പരമ ഭക്തനും ആയിരുന്നു. പാതിരാത്രി ചാടി എഴുന്നേറ്റു കവിത ഒക്കെ എഴുതി എന്നെ പേടിപ്പിക്കാറുണ്ടെന്നത് ഒഴിച്ചാൽ മറ്റു ശല്യം ഒന്നും ഇല്ലായിരുന്നു.
അദ്ദേഹത്തിന്റെ കവിതകൾ ഒക്കെ ദുരിതത്തിൽ നിന്ന് കരകയറാൻ ഉള്ള മോഹവും നഷ്ട പ്രണയവും പിന്നെ ഭക്തിയും ഒക്കെ ആയിരുന്നു. എനിക്ക് കഥകൾ പറയാൻ നല്ലൊരു കേൾവിക്കാരൻ കൂടി ആയിരുന്നു മൂപ്പര്. എന്റെ തള്ളുകൾ ഒക്കെ സത്യമെന്ന് കരുതി ആ പാവം വെള്ളം തൊടാതെ എത്ര വിഴുങ്ങിയിരിക്കുന്നു.
ചിലപ്പോൾ പഴയ പാട്ടുകൾ ഒക്കെ എന്നോട് പാടാൻ പറയും. പാടുമ്പോൾ മൂപ്പരുടെ കണ്ണു നിറയുന്നത് കണ്ടിട്ടുണ്ട് .അതേ... എന്റെ പാട്ട് അത്ര മോശം ഒന്നും ആയിട്ടല്ല, അങ്ങേര് ഗതകാല സ്മരണകളുടെ ഗിരിനിരകളിൽ പോയി കരിഞ്ഞ നീല കുറിഞ്ഞികൾ വല്ലതും പെറുക്കി എടുത്തു കാണും..
അയാളുടെ ഉള്ളിൽ ഒരു നഷ്ട പ്രണയവും കുറെ മുറി പാടുകളും ഉണ്ടെന്ന് പല സൂചനകളിൽ നിന്നും അതി ബുദ്ധിമാനും സർവ്വോപരി കാല്പനിക കവിയും ആയ ഞാൻ സമർത്ഥമായി കണ്ടെത്തിയിരുന്നു.
കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന അയാളുടെ സഞ്ചിക്കകത്ത് കസവുള്ള ഒരു പഴയ മുണ്ട് കണ്ടിരുന്നു. ഒരിക്കലും അതൊന്നു ഉടുത്തു കാണാത്തത് കൊണ്ട് ഞാൻ ഒരു കഥ ഉണ്ടാക്കി. ഒരിക്കൽ മുടങ്ങി പോയൊരു വിവാഹ സ്വപ്നത്തിന്റെ ശവകുടീരം ആവും ആ മുണ്ട് എന്ന്. എനിക്കൊക്കെ എന്തും ഉണ്ടാക്കാം. പക്ഷെ ആ കാര്യത്തിൽ സത്യം ഉണ്ടോ എന്തോ! പതിവായി ഇല്ലെങ്കിൽ പോലും ഇടയ്ക്കിടെ, ഉറങ്ങും മുമ്പ് അരണ്ട വെളിച്ചത്തിൽ ഇരുന്ന് മൂപ്പര് എന്തോ ഒരു ഡയറിൽ എഴുതാറുള്ളത് കണ്ടിരുന്നു. ഞാനത് കണ്ട ഭാവമന്യേ ചരിഞ്ഞു കിടന്നു ഉറങ്ങും, അല്ല ഉറക്കം നടിക്കും. നമ്മൾ ആരാ മോൻ, ഏത്!
ആയിടെ ഒരു ദിവസം. ഞാൻ ജോലി കഴിഞ്ഞു വന്നിട്ടും നമ്മുടെ വിഷാദകാമുകൻ വന്നില്ല. സാധാരണ ഞാൻ വരുമ്പോഴേക്കും കുളി ഒക്കെ കഴിഞ്ഞു നെറ്റിയിൽ വീതിയിൽ ഭസ്മം ഒക്കെ പൂശി കട്ടിലിൽ ഇരുന്ന് ഗീതയോ മറ്റോ വായിക്കുന്നുണ്ടാവും. പ്രധാന പ്രശ്നം എന്തെന്നാൽ കക്ഷിയുടെ മൊബൈൽ ഫോണിന് ഇടയ്ക്ക് താനെ മയങ്ങി വീഴുന്ന ഒരു തരം അപസ്മാര ദിനം ഉണ്ട്. ആരെങ്കിലും വിളിച്ചാലോ, അല്ലെങ്കിൽ സമയം നോക്കാനോ അല്ലാതെ ആ മനുഷ്യൻ മൊബൈൽ എടുക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല. പലപ്പോഴും ഞാൻ വിളിച്ചപ്പോൾ ഒക്കെ ഫോണ് അദ്ദേഹത്തിന്റെ കീശയിൽ അബോധ ശയനം ആയിരുന്നു. അന്നും അത് തന്നെ സംഭവിച്ചു. സമയം ഏറെ വൈകിയിട്ടും അങ്ങേരെ കാണാൻ ഇല്ല. ഒടുവിൽ ഞാൻ ലൈറ്റണച്ചു കിടന്നുറങ്ങി.
പിറ്റേന്ന് ഞാൻ പോകും വരെയും അയാൾ മടങ്ങി വന്നില്ല. എന്റെ മനസ്സ് ആയത് കൊണ്ട് ആ നേരത്ത് വന്ന ചിന്തകൾ ഒക്കെ ദുരന്തങ്ങൾ ആയിരുന്നു. അന്ന് ജോലിക്ക് പോയിട്ട് എന്റെ മനസ്സ് ആകെ അസ്വാസ്ഥമായിരുന്നു. അയാൾ എങ്ങാനും വല്ല അപകടത്തിലും പെട്ട് കാണുമോ?
ആ നേരം വരെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്നല്ലാതെ ഒന്നും കേൾക്കുന്നുമില്ല.
പിറ്റേന്ന് രാവിലെ ലോഡ്ജ് ഉടമയോട് പറഞ്ഞാലോ എന്ന് ആലോചിച്ചു നോക്കി പിന്നെ കടുവാ ചാക്കോയെ പോലെ ഇരിക്കുന്ന ആ കലിപ്പ് കിഴവന്റെ മുഖം ഓർത്തപ്പോൾ വേണ്ടന്ന് കരുതി.
ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അയൽപക്കത്തെ താമസക്കാരോട് വിവരം പറഞ്ഞു. ജാഡ തെണ്ടി ആയ കോട്ടയം ഡ്രൈവറും തിരുവനന്തപുരത്ത് കാരനും കൂടി ഇടം വലം നിന്ന് എന്റെ ആശങ്ക കൂട്ടി. പുള്ളി എവിടെയോ പോയി ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന് അവന്മാർ ഉറപ്പിച്ചു. ഒടുവിൽ നമ്മുടെ കോഴിക്കോട്കാരൻ പയ്യൻ ആണ് പറഞ്ഞത് വല്ല എഴുത്തോ കുറിപ്പോ മറ്റോ ഉണ്ടോ എന്ന് തപ്പി നോക്കാം എന്ന്.
അയാളുടെ ബാഗ് ഒക്കെ വലിച്ച് തുറന്നു അപാരമായ തപ്പലിൽ ആ തെളിവ് കണ്ടെടുത്തു. അയാളുടെ രഹസ്യ സൂക്ഷിപ്പ്കാരൻ ഡയറി. അതിൽ മുഴുവൻ അവ്യക്തമായി പരസ്‌പര ബന്ധമില്ലാത്ത എന്തോ കുറിച്ചു വച്ചിരുന്നു. ചില താളുകൾ ശൂന്യം, ചിലതിൽ കവിതകൾ, ചില പഴയ പാട്ടിന്റെ വരികൾ,ഒരു അഞ്ചു രൂപ നോട്ട്, കുറച്ചു ബില്ലുകൾ അങ്ങനെ അവസാന താളിൽ എത്തി...
"എനിക്കു ഇനിയും വയ്യ
വൈകുണ്ഠ നാഥാ... ഞാൻ വരുന്നു..."
എന്നായിരുന്നു അതിൽ ഒടുവിൽ കുറിച്ചത്.
വൈകുണ്ഠത്തിൽ പോകുന്നത്, മോക്ഷം കിട്ടൽ ആണല്ലോ.. ആ നിലയ്ക്ക് മറ്റേ ജാഡ തെണ്ടി പറഞ്ഞതിൽ കാര്യം ഇല്ലാതെ ഇല്ല.
ആവശ്യത്തിൽ അധികം ഭയം കുത്തി വച്ചിട്ട് സാമദ്രോഹികൾ പോയി. അന്നു ഞാൻ ജോലിക്ക് പോയില്ല. കൂടെ ഉള്ള ആളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ അയാളുടെ ശവം കണ്ടു കിട്ടും. പോലീസ് വരുന്നതും എന്നെ ചോദ്യം ചെയ്യുന്നതും ഒക്കെ ഓർത്തു ഞാൻ ഉറങ്ങാതെ കിടന്നു. ഇടയിൽ എപ്പോഴോ അറിയാതെ മയങ്ങി പോയിരുന്നു.
എന്തോ ശബ്ദം കേട്ട് ഞെട്ടിയപ്പോൾ അതാ മുന്നിൽ അങ്ങേര്! നെറ്റിയിൽ നിറയെ കളഭവും ചന്ദനവും ഒക്കെ പൂശി നിഷ്കളങ്കമായ പുഞ്ചിരി ഒക്കെ തൂക്കി അങ്ങനെ നിൽപ്പാണ്. അടക്കി വച്ച ദേഷ്യം ഒക്കെ പത്താം തരത്തിലെ പിൻനിരബെഞ്ചിൽ കേട്ടു മറന്ന അശ്ലീല വാക്കുകൾ ആയി എന്നിൽ നിന്നും ഉതിർന്നു വീണു.
അയാളുടെ പ്രായം പോലും നോക്കാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. അപ്പോഴും പഴം വിഴുങ്ങിയ പോലെ ഉള്ള ആ നിൽപ്പിൽ ഞാൻ ശാന്തനായി.
ഗുരുവായൂരപ്പനെ കാണാൻ തോന്നിയത് കൊണ്ട് പെട്ടന്ന് ആയിരുന്നു ഗുരുവായൂർക്ക് ഒരു യാത്ര പോയതത്രേ... സ്വദവേ രോഗി ആയ അങ്ങേരുടെ ഫോണ് ബാറ്ററി തീർന്ന് വിശന്നു ചത്തു പോയെന്ന്. പറയാൻ ഉള്ള സാവകാശം ഇല്ലായിരുന്നു. അതാണ് അങ്ങനെ പോയത് എന്നൊക്കെ പറഞ്ഞു.
ഒരു പത്ര കടലാസിൽ കുറെ പൊരിയും അരി മുറുക്കും ശർക്കര ഉണ്ടയും ഒക്കെ എടുത്തു എനിക്ക് നേരെ നീട്ടി. മേശപുറത്തു പുതിയൊരു ഉണ്ണികൃഷ്ണന്റെ ചിത്രവും ആയി. ഏതായാലും ആ സംഭവത്തോടെ അവിടുത്തെ പൊറുതി മതിയാക്കാൻ ഞാൻ ഉറപ്പിച്ചു. അടുത്ത തവണ പുള്ളിക്കാരന്റെ വിളി വൈകുണ്ഠത്തിന് പകരം കൈലാസത്തിൽ നിന്നെങ്കിൽ ഞാൻ പെട്ടു പോകൂലോ...
-ദിപിൻ ജയദീപ്.
No comments:
Post a Comment