"എനിക്ക് രക്ഷപ്പെടണം. ഈ ജീവിതം അത്രമേൽ ദുസ്സഹവും ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്തതും ആയിരിക്കുന്നു. ഞാൻ എന്റെ എന്നോ മരിച്ച മനസ്സും വഹിച്ചു യാത്ര ചെയ്യുന്ന ദേഹി മാത്രമാണ്"
ഡയറിയിൽ അത്രയും കുറിച്ചു വച്ചപ്പോൾ ഉള്ളിലേക്ക് ഒരു തണുത്ത കാറ്റ് അരിച്ചു കയറിയ സുഖം തോന്നി. മരണം എത്രയും വേഗം എന്റെ ദേഹത്തെയും പ്രാപിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ?
പുഞ്ചിരിക്കാൻ ഇപ്പോൾ മറന്നു പോയിരിക്കുന്നു. അത് എന്റെ കുറ്റമല്ല, മനസ്സിൽ നിന്ന് വേര് പൊട്ടി തളിർത്തു പൂത്തു മുഖത്ത് വിരിയുന്ന പൂവാണല്ലോ പുഞ്ചിരി... അതിപ്പോൾ എന്റെ ഉള്ളിൽ വിരിയാറില്ല. ഞാൻ ആരുടെയും മുഖത്ത് കാണാറും ഇല്ല. ആരെയും നോക്കാറില്ല എന്നും വേണമെങ്കിൽ പറയാം.
രണ്ടു ഭാവങ്ങൾ മാത്രമേ ഈയിടെ ആയി ഉള്ളിൽ വരാറുള്ളൂ. ഒന്ന് എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയും മറ്റൊന്ന് ഒന്നും നേടാൻ കഴിയാതെ പോയവന്റെ നിസ്സഹായ ഭാവവും. ഇതിനിടെ പുഞ്ചിരിക്കാൻ ഞാൻ എപ്പോഴോ മറന്നു പോയിരിക്കും.
അലമാരയിൽ ഭംഗിയിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ നിന്ന് ഒരെണ്ണം വലിച്ചെടുത്തു. ചുവന്ന പുറം ചട്ടയുള്ള ആ പുസ്തകം 'മിഷേൽ പേവറുടെ' വോൾഫ് ബ്രദർ ആയിരുന്നു. പണ്ടെങ്ങോ പാതിയും വായിച്ചു തീർത്ത ശീലയുഗ നോവൽ.
എനിക്ക് ഒന്ന് ശീലായുഗം വരെ പോയി വരണം എന്ന് തോന്നി. വസ്ത്രങ്ങൾ ഇല്ലാതെ, വീടുകൾ ഇല്ലാതെ ആരും സ്വന്തമെന്ന് പറഞ്ഞു വേലി കെട്ടി തിരിക്കാത്ത എല്ലാവരുടെയും സ്വന്തമായ സ്വതന്ത്ര ഭൂമിയുടെ ഗന്ധം ആരെയും അതിലേക്ക് വലിച്ചടുപ്പിക്കും. വിശപ്പിന് വേണ്ടി പോരാടിയ നഗ്നപിതാമഹന്മാർ ഒടുവിൽ എവിടെ എത്തി നിൽക്കുന്നു? ആ നോവൽ മനസ്സിൽ ഭാരം നിറയ്ക്കും.
മനുഷ്യൻ അങ്ങനെ ആണ്. ഒരിക്കലും നടക്കാത്ത മോഹങ്ങൾ താലോലിക്കുന്ന മലർപൊടിക്കാരനെ പോലെ ആണ് ഓരോ മനുഷ്യരും. അവരെ ചൂഷണം ചെയ്തു ഭ്രമ ചിന്തകളെ ചങ്ങലയ്ക്കിട്ടു യാഥാർത്ഥ്യ ബോധത്തിന്റെ ചാട്ടവാർ കൊണ്ട് തലങ്ങും വിലങ്ങും വീശിയടിച്ചു നോവിക്കുന്ന എഴുത്തുകാരി എന്ത് ക്രൂരതയാണ് കാണിക്കുന്നത്?
ഞാൻ വെള്ളക്കാരിയുടെ ശിലായുഗ നോവൽ മേശപ്പുറത്തേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു. ആ പുസ്തകം എന്നെ നോക്കി പുച്ഛിച്ചു ചിരിക്കും പോലെ തോന്നി അതിന്റെ കിടപ്പ് കണ്ടപ്പോൾ.
വാതിൽ തുറന്നപ്പോൾ അടുക്കളയിൽ നിന്ന് രാമായണം കേൾക്കുന്നു. ഏതോ ഒരു കോകില വാണി സഹാന രാഗത്തിൽ ബാല കാണ്ഡം പാരായണം ചെയ്യുന്നു. അത് യൂട്യൂബിൽ കേട്ടു കൊണ്ട് ഭാര്യ ഉപ്പുമാവ് ഉണ്ടാക്കുന്ന തിരക്കിൽ ആണ്. അവൾക്ക് ബാലകാണ്ഡം മനസ്സിലാവാൻ വഴിയില്ല. സീതയെ സ്വയംവരം ചെയ്യുന്ന രംഗമാണ് യൂട്യൂബിൽ നിന്ന് ഒഴുകി വരുന്നത്. വരികൾ അറിയാതെ അതിന്റെ സംഗീതം കേൾക്കാതെ വെറുതെ ഭക്തി കാണിക്കാൻ ഉള്ള ഓരോ പ്രഹസനം, അല്ലാതെന്ത്!
പല്ല് തേപ്പു കഴിഞ്ഞ് അടുക്കളയിൽ പോയി ഒരു ഗ്ലാസ് ചായ ഉണ്ടാക്കി അതുമായി നേരെ മുറിയിലേക്ക് നടന്നപ്പോൾ അവൾ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.ഒരു പുരുഷൻ ആയ ഞാൻ ചായ തനിച്ച് ഉണ്ടാക്കി കുടിക്കുന്നത് അവൾക്ക് കുറച്ചിൽ ആവും. പക്ഷെ അവൾ ഉണ്ടാക്കുന്ന ചായ ഒന്നുകിൽ കടുപ്പം കൂടുതൽ ആയിരിക്കും അല്ലെങ്കിൽ തീരെ മങ്ങിയ നിറത്തിൽ. ചിലപ്പോ കൊടും ചൂടോടെ ആവും ചിലപ്പോ ആറി തണുത്തിട്ട് ആവും. അത് ഒക്കെ കൊണ്ടാണ് ഞാൻ സ്വയം അതങ്ങ് ഉണ്ടാക്കിയത്. പരാതി ഒന്നും വേണ്ടല്ലോ.
മുറിയിൽ കയറിയതും വാതിൽ അടച്ചു കുറ്റിയിട്ടു അല്ലെങ്കിൽ യൂട്യൂബിലെ കോകില വാണി എനിക്ക് അസ്വസ്ഥത ഉണ്ടാക്കും. സംഗീതം ഇഷ്ടമല്ലാത്തത് കൊണ്ടല്ല. എല്ലാം കേൾക്കാനുള്ള ഒരു മാനസിക താല്പര്യം വേണം. നഷ്ടപ്പെട്ടാൽ എത്ര മനോഹരമായതും അരോചകമായി തോന്നിയേക്കാം.
പൂക്കളുടെ ഭംഗി അല്ല അത് കാണുന്നവരുടെ മനസ്സിലെ സൗന്ദര്യം ആണ് പൂവിനെ മനോഹരമാക്കുന്നത്, അതുപോലെതന്നെ ശബ്ദവും രുചിയും ഗന്ധവും എല്ലാം. എന്തോ, ഒന്നും ആസ്വദിക്കാനുള്ള നിലയിലായിരുന്നില്ല എന്റെ മനസ്സ്.
ഇത്രയും കാലം താമസിച്ചുവന്ന വീട് ഏതു നിമിഷം വേണമെങ്കിലും ഒഴിയേണ്ടിവരും. അത് മുത്തശ്ശിയുടെ പേരിലുള്ളതാണ്. അവരുടെ തീരുമാനം എത്രയും വേഗം വീടും അതുള്ള പതിമൂന്നര സെന്റ് പുരയിടവും വിൽക്കുക എന്നത്. വിറ്റാൽ അമ്മാവനും മുത്തശ്ശിക്കുമുള്ള ഓരോ പങ്ക് കഴിച്ചിട്ട് ശേഷിക്കുന്ന ഒരു പങ്ക് എനിക്കുള്ളതാണ്. അത് മരിച്ചു പോയ അമ്മയുടെ അവകാശമോ അതോ കുടിയിറക്കി വിടുന്ന എനിക്കുള്ള ഔദാര്യമോ എന്ന് അറിയില്ല. രണ്ടായാലും അത് അർഹതപ്പെട്ടതല്ല എന്നാണ് മനസ്സ് പറയുന്നത്.
കൊവിഡ് കാലം എല്ലാവരെയും പോലെ എന്റെ ജീവിതവും പെട്ടന്ന് കീഴ്മേൽ മറിച്ചിടുകയായിരുന്നു. എടുത്തു ചാട്ടങ്ങളുടെ ഘോഷയാത്ര ആയിരുന്നെങ്കിലും കൊവിഡ് തുടങ്ങുവോളം എന്നിലെ ഞാൻ ജീവനോടെ ഉണ്ടായിരുന്നു. ഗൾഫിലെ ജോലി നഷ്ടപ്പെടുന്നു, ഒരുപാട് കഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു. മുത്തശ്ശൻ കൊവിഡ് ബാധിച്ചു മരിക്കുന്നു, മുത്തശ്ശി വീട് വിട്ട് അമ്മവനൊപ്പം പോകുന്നു, ഗൾഫിലേക്ക് പോകാൻ ശ്രമിക്കുന്നു കൊവിഡ് തീർത്ത പ്രതിസന്ധികളിൽ പെട്ട് യാത്ര അനിശ്ചിതത്വത്തിൽ ആകുന്നു.
ഇത്രയും പ്രശ്നങ്ങൾക്കിടെ ഭാര്യയും ഞാനും തമ്മിൽ ഉള്ള സ്വരചേർച്ചകൾ കൂടി വരുന്നു. ഒരേ വീട്ടിൽ രണ്ടു ധ്രുവങ്ങളിൽ കഴിയേണ്ടി വരുന്ന അവസ്ഥ ഒരു തരം കടുത്ത ദുരിതമാണ്.
അവളും ഞാനും എന്നും രണ്ടു വഴിയെ നടന്നവരാണ്. ഇരുപത്തി മൂന്നാം വയസ്സിൽ ഒരു വാശിക്ക് കയറി പ്രേമിച്ചതാണ് അവളെ. അന്ന് മാനസികമായി ഒരു ഭർത്താവ് ആകാൻ ഉള്ള പക്വത എനിക്കു ഇല്ല എന്ന് തോന്നിയപ്പോൾ കൊച്ചിയിലെ ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടിരുന്നു. അയാൾ തന്ന ക്ലീഷേ മറുപടികൾ എന്നെ തൃപ്തനാക്കിയില്ല. എനിക്ക് അവളോട് ലൈംഗിക താല്പര്യം തോന്നുന്നില്ല. അതായിരുന്നു എന്റെ പ്രധാന പ്രശ്നം. അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞാൽ ഞാൻ എങ്ങനെ അവളെ തൃപ്തിപ്പെടുത്തും എന്ന ചിന്ത വല്ലാതെ അലട്ടി. ചില സുഹൃത്തുക്കളുടെ ഉപദേശം വിവാഹം കഴിഞ്ഞാൽ എല്ലാം നേരെ ആകും എന്നായിരുന്നു.
അവൾ ആണെങ്കിൽ എത്രയും വേഗം വിവാഹം നടത്താൻ നിർബന്ധിച്ചു കൊണ്ടുമിരുന്നു. അങ്ങനെ വിവാഹം കഴിഞ്ഞു. ഒരു വർഷം കഴിയും മുമ്പേ കുഞ്ഞുണ്ടായി. പക്ഷെ ഞങ്ങൾ തമ്മിലുള്ള അകലം ഓരോ കൊല്ലം കഴിയും തോറും കൂടി വന്നതേയുള്ളൂ. ആറു കൊല്ലം ആറു യുഗങ്ങൾ പോലെ ആണ് തള്ളി നീക്കിയത്.
ഒരു കണക്കിന് ഞാനും ശീലായുഗ മനുഷ്യനെ പോലെ ആണിപ്പോൾ ചിന്തിക്കുന്നത്. വിശപ്പടക്കുക, വിസർജിക്കുക, ഉറങ്ങുക, മഴ നനയാതേ ഇരിക്കുക അത്ര മാത്രം ആണിപ്പോൾ എന്റെ ആവശ്യങ്ങൾ. മേൽവിലാസം പോലും ഇല്ലാത്ത വാലില്ലാത്ത നാട്ടു മൃഗം.
ചിന്തകൾ ചിതൽപ്പുറ്റ് പോലെ എനിക്കു ചുറ്റും വളർന്നു പടർന്നു കയറുമ്പോൾ ഒരു മഹാ സമാധി പോലെ ഞാൻ സ്വയം അതിൽ മുഴുകി ഇരിക്കാൻ ഉറച്ചു. അപ്പോഴും അനുഭവങ്ങളുടെ കൊക്കൂൺ ഭേദിച്ച ശലഭമായി ഞാൻ ഒരിക്കൽ സ്വതന്ത്രനാകുമെന്ന് ഉള്ളിലിരുന്ന് എന്റെ മരിച്ച മനസ്സിന്റെ പ്രേതം വെറുതെ മന്ത്രിക്കുന്നുണ്ടായിരുന്നു.
-ദിപിൻ ജയദീപ്