"വദനജിതചന്ദിരേ മദനരസമന്ദിരേമമരമണി! വൈരസ്യമിദമിവനൊടെന്തഹോ!"
എഴുത്തുമേശയിൽ വന്നിരുന്നപ്പോൾ കാതിൽ വന്നു പതിച്ചത് ദുര്യോധനൻറെ ശൃംഗാരമാണ്. ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കഥകളിയാണ് രണ്ടാം ദിവസമാണ്, നിഴൽക്കുത്ത്.
ജനാലയിലൂടെ നോക്കിയാൽ കളിയരങ്ങു കാണാം അവ്യക്തമാണെങ്കിലും.
സുദർശനന്റെ ഉള്ളിൽ നിറം മങ്ങിയ ചില സ്മരണകൾ പതിയെ ഉയർന്നു വരാൻ തുടങ്ങി.
പണ്ട് കാംബോജിരാഗത്തിൽ ഇങ്ങനെ പദം പാടി രസിക്കുമ്പോൾ,അരങ്ങിൽ ഭാനുമതിയായി അച്ഛനുണ്ടാവും. ദുര്യോധനനായി വേണുക്കുട്ടനാശാനും. കത്തിയും മിനുക്കും അരങ്ങു തകർക്കുമ്പോൾ നിർന്നിമേഷരായി കാണികളുണ്ടാവും...
കുഞ്ഞുന്നാളിലെന്നോ കേട്ട പദങ്ങൾ തനിയാവർത്തനം ചെയ്ത പ്രതീതി.
ഓർമ്മകളുടെ മച്ചിൻപുറത്തെവിടെയോ പൊടിപിടിച്ചു കിടന്ന പഴയ ചിലങ്കകൾ താളം ചവിട്ടും പോലെ തോന്നി സുദർശനന്..
രാത്രി ഏറെ വൈകിയിട്ടും സുദർശനൻ ഉറങ്ങിയിരുന്നില്ല. എഴുത്തുമേശയിൽ മുഖമർത്തി ജാലകത്തിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം നോക്കിയിരുന്നു..
ഉള്ളിൽ അപ്പോഴും നിലയ്ക്കാത്ത കേളികൊട്ട് ആയിരുന്നു.
ഗുപ്തൻ മാഷിൻറെ കത്തു വന്നശേഷം ആകെ വല്ലാത്തൊരു വീർപ്പുമുട്ടൽ. എത്രയോ കത്തുകൾ മുമ്പ് വന്നിരിക്കുന്നു, അതിനൊക്കെ മറുപടി കവിതാശകലങ്ങളാക്കി എഴുതിയിരിന്നു.. പക്ഷെ ഈ കത്തിൻറെ ഭാവം വ്യത്യസ്ഥമാണ്...
മൂടിവച്ച സത്യങ്ങൾ മറനീക്കി പുറത്തു വരാൻ സമയമായെന്ന് തോന്നീ...
ഒരു തമാശയ്ക്ക് തുടങ്ങിയ കത്തെഴുത്താണ്. അതിനിന്ന് ഗൗരവം കൈവന്നിരിക്കുന്നു. അന്നാദ്യമായി സുദർശനൻ ചിന്തിച്ചു, താൻ ചെയ്തത് തെറ്റാണോ??
സദാ പുഞ്ചിരിക്കുന്ന മുഖത്ത് തേജസ്സുള്ള ഗുപ്തൻമാഷിൻറെ രൂപം മനസ്സിൽ തെളിഞ്ഞു, ഒരുറുമ്പിനെ പോലും നോവിക്കാത്തൊരു പാവം മനുഷ്യൻ... അയാളെ ഇല്ലാത്തൊരു കാമുകിയുടെ പേരിൽ കവിതകളെഴുതി പ്രണയത്തിലേക്ക് വലിച്ചിഴച്ചത് തെറ്റാണോ??
ശരിയുടെയും തെറ്റിൻറെയും ഇടയിലെ നൂൽപ്പാലത്തിലായിരുന്നു സുദർശനൻറെ മനസ്സ്.
പൊന്നൂരിലേക്ക് ക്ഷണിച്ചു കൊണ്ടാണ് അവസാനമായി എഴുതിയത്. ഗുപ്തൻമാഷിപ്പോൾ അവിടേക്ക് പുറപ്പെട്ടു കാണും. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തൻറെ കാമുകിയെ കാണാൻ വല്ലാതെ കൊതിച്ചിരിക്കില്ലേ മാഷിൻറെ മനസ്സ്?
എന്തിനായിരുന്നു എല്ലാം??
മോഹിനീ വർമ്മയെന്ന ഇല്ലാത്ത സുന്ദരിയുടെ പേരിൽ കവിതകളെഴുതിത്തുടങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അദ്വൈദ വേദാന്തം ഭ്രാന്തമായി ആവേശിച്ച ഗുപ്തൻ മാഷിൻറെ ഉള്ളിൽ പ്രണയത്തിൻറെ വിത്തു പാകുക. ഒരു വിവാഹത്തിനും ദാമ്പത്യത്തിനും ആ മനസ്സിനെ സജ്ജമാക്കുക...
കോവിലകത്തു പോയപ്പോൾ അച്ഛൻ തിരുമനസ്സിൻറെ മനോവിഷമം കണ്ടപ്പോൾ സ്വയം തോന്നിയ വിഡ്ഢിത്തമാണീ മോഹിനീവേഷം.
കോവിലകത്തെ അനന്തരാവകാശിയായ ഗുപ്തൻ മാഷ് ഒരു സന്ന്യാസിയാകുന്നത് അച്ഛന് വലിയ വിഷമമായിരുന്നു. ഏതു വിധേനയും ആ മനസ്സൊന്നു മാറ്റിത്തരാൻ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല.
പിന്നീടങ്ങോട്ട് സുദർശനൻ അയാളറിയാതെ മോഹിനീ വർമ്മയായി മാറുകയായിരുന്നു.
നഖശിഖാന്തം പ്രണയം തളിർത്തപ്പോൾ മനസ്സിൽ മൊട്ടിട്ട പ്രണയകാവ്യങ്ങൾ കത്തുകളായി ഗുപ്തനെ തേടിയെത്തി. പാഴ്നിലമായ്ക്കിടന്ന അയാളുടെ ഉള്ളിൽ ഋതുദേവത നൃത്തം ചവിട്ടാൻ തുടങ്ങി. എന്നോ ചങ്ങലകളാൽ ബന്ധിച്ചു ചവിട്ടിത്താഴ്ത്തിയ ഗുപ്തനിലെ കാമുകൻ പൂർവ്വാധികം ശക്തനായി ഉയിർത്തെഴുന്നേറ്റിരിക്കുന്നു...
"ആശോശ്രുത്യ പ്രണയമധുരാം ഭാരതീം ഭാരതീയാംദാരാ ദുരീകൃതപരിഭവാ ഗാഢമാലിംഗ്യ ഭംഗ്യാകാന്തം കാന്തിപ്രസരസുഭഗാ നിർജ്ജിതാ ലജ്ജയൈവംവാചാം മോചാഫലരസമയീം പ്രാഹ തം സ്നേഹപൂർവംകാമസുന്ദരശരീരാ!"
ചെമ്പട താളത്തിൽ ഭാനുമതിയുടെ ശൃംഗാരപദമുയർന്നപ്പോൾ സുദർശനൻ സ്വപ്നം വിട്ടുണർന്നു.
കയ്യിൽ കളിപ്പാട്ടവുമായി ഊട്ടുപുരയുടെ തിണ്ണയിൽ അമ്മയുടെ മടിയിൽ ചാരിക്കിടന്ന് അച്ഛൻറെ ഭാനുമതിയെ ഇമവെട്ടാതെ നോക്കിനിന്ന ഒരു നാലരവയസ്സുകാരന് അത്ഭുതമായിരുന്നു അച്ഛൻറെ ഭാവപ്പകർച്ച. ശബ്ദവും രൂപവും കൊണ്ട് പൗരുഷത്തിൻറെ ആൾരൂപമായ അച്ഛനെ ആട്ടവിളക്കിൻറെ വെളിച്ചത്തിൽ ശൃംഗാര ഗാത്രിയായ ഭാനുമതിയായി കാണുമ്പോൾ കൊച്ചു സുദർശൻറെ കണ്ണുകളിൽ അത്ഭുതരസം നിറയുമായിരുന്നു.
അരങ്ങിൽ ഭാനുമതിയായി പിടഞ്ഞു വീണായിരുന്നു അച്ഛൻറെ അന്ത്യവും.തമാശയെന്നോണം അമ്മ പറയാറുണ്ട്, ആണായി ജീവിച്ചതിനേക്കാളും നിൻറച്ഛൻ പെണ്ണായിട്ടാ കഴിഞ്ഞതെന്ന്.
സുദർശനൻ ഓർത്തു പോയി, അച്ഛൻ അരങ്ങിൽ ഭാനുമതിയായതു പോലെ മകൻ ജീവിതത്തിൽ മോഹിനീ വർമ്മയാകുന്നു... എത്ര മനോഹരമായ താരതമ്യം!
ഓരോന്ന് ചിന്തിച്ചു കൊണ്ട് പുലരുവോളം അയാൾ ഉണർന്നിരുന്നു. ഇതിനിടയിൽ കളിയരങ്ങൊഴിഞ്ഞതും ആളുകൾ പിരിഞ്ഞതുമൊന്നും സുദർശനൻ അറിഞ്ഞതേയില്ല. കുറേയേറെ കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു അയാൾക്കുള്ളിൽ.
അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി പൊന്നൂരിലേക്ക് പുറപ്പെടുമ്പോൾ മനസ്സ് ഏറെക്കുറേയൊക്കെ യാന്ത്രികമായിരുന്നു. ബസ്സിലിരിക്കവേ അയാൾ തൊട്ടുമുമ്പിൽ വരാൻ പോകുന്ന ദുരന്ത ചിത്രങ്ങളെ ഭയപ്പാടോടെ വരച്ചിട്ടുകൊണ്ടിരുന്നു.
ഒരനുജനേ പോലെ സ്നേഹിച്ച ഗുപ്തൻ മാഷിനെ ചതിക്കുകയായിരുന്നു എന്ന് അറിയുന്ന നിമിഷം സങ്കൽപിക്കാൻ പോലും അയാൾക്കായില്ല. സജീവമായൊരഗ്നിപർവ്വതവും പേറിയാണ് സുദർശനൻ പൊന്നൂരിൽ ഇറങ്ങിയത്.
ഗുപ്തൻ മാഷ് തങ്ങിയിരുന്ന ഹോട്ടൽ മുറിയിലെത്തിയപ്പോൾ ആശ്ചര്യമായിരുന്നു ആ മുഖത്ത്. മാഷിൻറെ കണ്ണിലേക്കു നോക്കാൻ ധൈര്യം വന്നില്ല. പെട്ടന്ന് നിയന്ത്രണം വിട്ടു പോയി. നിലത്തേക്കുവീണ് മാഷിൻറെ കാലുകൾ കെട്ടിപ്പിടിച്ച് ഏങ്ങിക്കരഞ്ഞു പോയി. ഒന്നും മനസ്സിലാകാതെ മാഷ് ആദ്യം അമ്പരന്നൂ. പിന്നെ സുദർശനൻറെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. അയാളെ കസേരയിലേക്കിരുത്തീ..
ഉമിത്തീയിൽ നിന്നെന്ന പോലെ സുദർശനൻ ഓരോന്നും ഏറ്റു പറയാൻ തുടങ്ങി. ഒരു കുട്ടിയുടെ കൗതുകത്തോടെ മാഷ് എല്ലാം മൂളികേട്ടിരുന്നു. ഒടുവിൽ പൊട്ടിച്ചിരിച്ചു...
തന്നെ വിഡ്ഢിയാക്കിയെന്ന കുറ്റബോധമൊന്നും വേണ്ടെന്നു പറഞ്ഞപ്പോൾ സുദർശനന് സങ്കടമേറിയതേയുള്ളൂ...
എല്ലാം ഒരു തമാശയായിട്ടേ കരുതുന്നുള്ളൂ എന്നും പറഞ്ഞ് മാഷ് അയാളെ ആശ്വസിപ്പിച്ചു.
"നിൻറെ ഉള്ളിൽ നല്ലൊരു പ്രതിഭയുണ്ട്. മോഹിനീവർമ്മയായിട്ടല്ല സുദർശനനായി നാളെ ലോകം അറിയണം ട്ടോ... "
മുറിവിട്ടിറങ്ങുമ്പോൾ മാഷ് തലയിൽ കൈവച്ചനുഗ്രഹിച്ചാണ് സുദർശനനെ യാത്രയാക്കിയത്.
എല്ലാം ഒരു സ്വപ്നം പോലെ മറക്കാനാണ് സുദർശനൻ ശ്രമിച്ചത്. തിരികെയെത്തുമ്പോൾ ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ അരങ്ങുണരുകയായിരുന്നൂ...
ജാലകവാതിൽ മലർക്കെ തുറന്നിട്ട് സുദർശനൻ അരങ്ങിലേക്ക് നോക്കി, ഭാനുമതിയെ ഒരിക്കൽ കൂടി കാണാൻ...
('ഹരികൃഷ്ണൻസ്' ൽ പറയാതെ പോയ സുദർശനന്റെ ജീവിതം എന്റെ ഭാവനയിൽ ഒന്ന് തിരഞ്ഞു പോയതാണ്... )
No comments:
Post a Comment