ഏഴു പതിറ്റാണ്ട് മുമ്പുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു സാങ്കൽപിക ഗ്രാമമാണ് നോവലിലെ പശ്ചാത്തലമെങ്കിലും അതിന്റെ പ്രതിപാദ്യ വിഷയം ഇന്നും പ്രസക്തമാണ് എന്നത് കൊണ്ട് തന്നെ ഇത് ഇക്കാലത്തും ഒട്ടും വിരസമാകാത്ത ഒരു വായനാനുഭവം സമ്മാനിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
ബംഗാളി ഭാഷയിൽ എഴുതിയ നോവൽ പിന്നീട് 'Tree without roots' എന്ന പേരിൽ സയ്യിദ് തന്നെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റിയിരുന്നു. കൂടാതെ ഫ്രഞ്ച്, ജർമൻ,ഉറുദു ഭാഷകളിലേക്കും അക്കാലത്ത് തന്നെ പരിഭാഷ പതിപ്പുകൾ വന്നിരുന്നു. നിലവിൽ ഒരു മലയാളം പരിഭാഷ ഇല്ലാത്ത കൊണ്ടും ബംഗാളി ഭാഷ നമുക്ക് പരിചിതമല്ലാത്ത കൊണ്ടും നമുക്ക് ഇംഗ്ലീഷ് പതിപ്പ് തന്നെ ആശ്രയിക്കേണ്ടി വരും എന്ന് സാരം.
'മൊഹബ്ബത്ത് നഗർ' എന്നൊരു സാങ്കൽപിക കുഗ്രാമത്തിലേക്ക് എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞു വന്നു ചേരുന്ന 'മജീദ്' എന്ന യുവാവാണ് കഥയിലെ കേന്ദ്ര കഥാപാത്രം.
അതി സമർത്ഥനും കൗശലക്കാരനുമായ മജീദ് ആ ഗ്രാമത്തെ പറ്റി ഒന്നു ചുറ്റി നടന്നു കാണുന്നതോടെ ഒരു കാര്യം അയാൾ മനസ്സിലാക്കുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ കടുത്ത അന്ധവിശ്വാസികളും അപരിഷ്കൃതരും വിദ്യാഭ്യാസം ഇല്ലാത്ത വിശ്വാസികളും ആണെന്ന്.
തുടർന്ന് മജീദ് തന്റെ പദ്ധതി പ്രകാരം ആ ഗ്രാമത്തിൽ കാട് മൂടി കിടന്ന ഏതോ ഒരു പഴയ ശവകുടീരം ചൂണ്ടി കാട്ടി അത് 'മുദ്ദസിർ' എന്ന പണ്ടെങ്ങോ ജീവിച്ച ഒരു വിശുദ്ധന്റെ ആണെന്ന് പ്രചരിപ്പിക്കുന്നു. സത്യത്തിൽ അങ്ങനെ ഒരാൾ തന്നെ ഇല്ല! എന്നാൽ മജീദിന്റെ വാക്ചാതുരിയിൽ ഗ്രാമീണർ മയങ്ങുന്നു. മുദ്ദസീർ തൻറെ ശവകുടീരം പരിപാലിക്കാത്ത ഗ്രാമത്തോട് കടുത്ത കോപത്തിൽ ആണെന്നും അവിടെ സംരക്ഷിക്കയും ആരാധിക്കുകയും ചെയ്യാത്ത പക്ഷം അവരെ ഒക്കെ ശപിച്ചു നരകത്തിൽ അയക്കും എന്ന് മുദ്ദസീർ തനിക്ക് സ്വപ്നദർശനം നൽകി എന്ന് ആ പാവങ്ങളെ വിശ്വസിപ്പിക്കാൻ മജീദിന് സാധിക്കുന്നതോടെ ആ ശവകുടീരം നിന്നിടം ആകെ മാറുന്നു.
ശവകുടീരം നിന്നിടത്ത് ഗ്രാമമുഖ്യനായ ഖലേക്ക് ബേപാരിയുടെ നേതൃത്വത്തിൽ ഒരു വലിയ 'മജർ' എന്നു വിളിക്കുന്ന ആരാധനാലയം പണിയുന്നു. അതിന്റെ സമീപം തന്നെ മജീദിന് വേണ്ടി അവർ മറ്റൊരു മാളിക വീടും പണിതു കൊടുക്കുന്നു.
ഗ്രാമത്തിലെ ഒരു വിധവയായ 'റഹീമ' എന്നൊരു സുന്ദരിയെ വിവാഹം കഴിച്ചു നാട്ടുകാരെ വീണ്ടും പറ്റിച്ചു കൊണ്ട് സുഖമായി കഴിയുന്നു.
ഗ്രാമമുഖ്യന്റെ ഒന്നാം ഭാര്യയായ 'അക്കാസ് മിയ' യും യചകനായ ഒരു വൃദ്ധനും മാത്രം മജീദിന്റെ കള്ളത്തരങ്ങൾ കണ്ടു പിടിക്കുന്നു.
എന്നാൽ അവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ഒക്കെ തന്റെ കുതന്ത്രവും ഗ്രാമ വാസികളുടെ കഴിവ് കേടും പ്രയോജനപെടുത്തി മജീദ് പലതണ രക്ഷപ്പെടുന്നു. ഇതിനിടെ ജമീല എന്നൊരു കൊച്ചു പെൺകുട്ടിയെ കൂടി മജീദ് വിവാഹം കഴിക്കും എങ്കിലും അയാളുടെ ദുഷ്ടതയുടെ ഫലമായി അവൾ കൊല്ലപ്പെടുന്നു.
നോവലിന്റെ അന്ത്യഭാഗത്ത് എന്തുമ്പോൾ മജീദിന്റെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞു ഉയിർത്തെഴുന്നേറ്റ് വരുന്ന ഒരു ജനതയെ ആണ് കാണുന്നത്. യുവാക്കൾ ചിന്തിക്കാൻ തുടങ്ങുന്നതോടെ ആത്മീയ ചൂഷണങ്ങൾക്ക് വിരാമം കുറിക്കുന്നു.
1948 കാലത്തെ വടക്കേ ഇന്ത്യയുടെയും കിഴക്കൻ പാകിസ്ഥാന്റെയും പച്ചയായ സാമൂഹിക-രാഷ്ട്രീയ-സംസ്ക്കാരിക അവസ്‌ഥ വളരെ വ്യക്തമായി അവതരിപ്പിക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. എന്നാൽ രസകരമായ ആഖ്യാന ശൈലി മറ്റു സാമൂഹിക വിമർശന നോവലുകളെ പോലെ രസം കൊല്ലി ആവാതിരിക്കാനും വഴിയൊരുക്കി.
2001ൽ പ്രശസ്ത ബംഗ്ലാദേശി സംവിധായകൻ 'തൻവീർ മൊഖാമൽ' ഈ നോവൽ ആശയം ആക്കി അതേ പേരിൽ ഒരു സിനിമ നിർമ്മിച്ചിരുന്നു. 2003ൽ മികച്ച സിനിമയ്ക്കും സംവിധായകനും നടനും അടിക്കമുള്ള 8 ദേശീയ പുരസ്‌കാരങ്ങൾ ആയിരുന്നു ആ സിനിമയെ തേടി വന്നത്.
നോവൽ വായിക്കാൻ കിട്ടാത്തവർക്ക് സിനിമ കാണാൻ യൂട്യൂബിൽ ലഭ്യമാണ്.
No comments:
Post a Comment