Monday, July 19, 2021

പ്രാണായനം


"എനിക്ക്  രക്ഷപ്പെടണം. ഈ  ജീവിതം അത്രമേൽ  ദുസ്സഹവും ലക്ഷ്യങ്ങൾ  ഒന്നും  ഇല്ലാത്തതും  ആയിരിക്കുന്നു. ഞാൻ എന്റെ   എന്നോ മരിച്ച മനസ്സും വഹിച്ചു  യാത്ര  ചെയ്യുന്ന  ദേഹി  മാത്രമാണ്"


ഡയറിയിൽ  അത്രയും  കുറിച്ചു  വച്ചപ്പോൾ  ഉള്ളിലേക്ക്  ഒരു തണുത്ത  കാറ്റ്  അരിച്ചു  കയറിയ  സുഖം തോന്നി. മരണം  എത്രയും  വേഗം  എന്റെ  ദേഹത്തെയും  പ്രാപിച്ചിരുന്നു  എങ്കിൽ  എത്ര  നന്നായേനെ?  


പുഞ്ചിരിക്കാൻ  ഇപ്പോൾ  മറന്നു  പോയിരിക്കുന്നു. അത് എന്റെ  കുറ്റമല്ല, മനസ്സിൽ  നിന്ന്  വേര്  പൊട്ടി  തളിർത്തു  പൂത്തു  മുഖത്ത്  വിരിയുന്ന പൂവാണല്ലോ    പുഞ്ചിരി... അതിപ്പോൾ  എന്റെ  ഉള്ളിൽ  വിരിയാറില്ല. ഞാൻ ആരുടെയും  മുഖത്ത്  കാണാറും  ഇല്ല. ആരെയും നോക്കാറില്ല  എന്നും  വേണമെങ്കിൽ  പറയാം.


രണ്ടു  ഭാവങ്ങൾ  മാത്രമേ  ഈയിടെ  ആയി ഉള്ളിൽ  വരാറുള്ളൂ. ഒന്ന്  എല്ലാം  നഷ്ടപ്പെട്ടവന്റെ  വേദനയും  മറ്റൊന്ന്  ഒന്നും നേടാൻ  കഴിയാതെ  പോയവന്റെ നിസ്സഹായ ഭാവവും. ഇതിനിടെ  പുഞ്ചിരിക്കാൻ  ഞാൻ എപ്പോഴോ  മറന്നു  പോയിരിക്കും.


അലമാരയിൽ ഭംഗിയിൽ  അടുക്കി  വച്ചിരിക്കുന്ന പുസ്തകങ്ങൾ നിന്ന്  ഒരെണ്ണം വലിച്ചെടുത്തു. ചുവന്ന  പുറം  ചട്ടയുള്ള ആ  പുസ്തകം  'മിഷേൽ പേവറുടെ' വോൾഫ്  ബ്രദർ  ആയിരുന്നു. പണ്ടെങ്ങോ പാതിയും  വായിച്ചു  തീർത്ത ശീലയുഗ  നോവൽ. 

എനിക്ക്  ഒന്ന്  ശീലായുഗം  വരെ  പോയി  വരണം എന്ന്  തോന്നി. വസ്ത്രങ്ങൾ  ഇല്ലാതെ,  വീടുകൾ  ഇല്ലാതെ  ആരും  സ്വന്തമെന്ന്  പറഞ്ഞു  വേലി കെട്ടി  തിരിക്കാത്ത എല്ലാവരുടെയും  സ്വന്തമായ സ്വതന്ത്ര  ഭൂമിയുടെ  ഗന്ധം  ആരെയും  അതിലേക്ക്  വലിച്ചടുപ്പിക്കും. വിശപ്പിന്  വേണ്ടി  പോരാടിയ  നഗ്നപിതാമഹന്മാർ  ഒടുവിൽ  എവിടെ  എത്തി  നിൽക്കുന്നു? ആ  നോവൽ  മനസ്സിൽ  ഭാരം  നിറയ്ക്കും.

മനുഷ്യൻ  അങ്ങനെ  ആണ്. ഒരിക്കലും  നടക്കാത്ത  മോഹങ്ങൾ  താലോലിക്കുന്ന മലർപൊടിക്കാരനെ  പോലെ  ആണ്  ഓരോ  മനുഷ്യരും. അവരെ  ചൂഷണം  ചെയ്തു  ഭ്രമ   ചിന്തകളെ  ചങ്ങലയ്ക്കിട്ടു   യാഥാർത്ഥ്യ ബോധത്തിന്റെ ചാട്ടവാർ   കൊണ്ട്  തലങ്ങും  വിലങ്ങും  വീശിയടിച്ചു  നോവിക്കുന്ന എഴുത്തുകാരി എന്ത്   ക്രൂരതയാണ്  കാണിക്കുന്നത്? 


ഞാൻ  വെള്ളക്കാരിയുടെ ശിലായുഗ  നോവൽ  മേശപ്പുറത്തേക്ക്  അലക്ഷ്യമായി  വലിച്ചെറിഞ്ഞു. ആ  പുസ്തകം  എന്നെ  നോക്കി  പുച്ഛിച്ചു  ചിരിക്കും  പോലെ  തോന്നി അതിന്റെ  കിടപ്പ്  കണ്ടപ്പോൾ.


വാതിൽ തുറന്നപ്പോൾ  അടുക്കളയിൽ  നിന്ന് രാമായണം  കേൾക്കുന്നു. ഏതോ  ഒരു കോകില വാണി  സഹാന  രാഗത്തിൽ  ബാല കാണ്ഡം  പാരായണം  ചെയ്യുന്നു. അത്  യൂട്യൂബിൽ കേട്ടു  കൊണ്ട്  ഭാര്യ  ഉപ്പുമാവ്  ഉണ്ടാക്കുന്ന  തിരക്കിൽ  ആണ്. അവൾക്ക്  ബാലകാണ്ഡം  മനസ്സിലാവാൻ  വഴിയില്ല. സീതയെ സ്വയംവരം  ചെയ്യുന്ന  രംഗമാണ്  യൂട്യൂബിൽ നിന്ന്  ഒഴുകി  വരുന്നത്. വരികൾ  അറിയാതെ  അതിന്റെ  സംഗീതം  കേൾക്കാതെ  വെറുതെ  ഭക്തി  കാണിക്കാൻ  ഉള്ള  ഓരോ  പ്രഹസനം, അല്ലാതെന്ത്‌!


പല്ല്  തേപ്പു  കഴിഞ്ഞ്  അടുക്കളയിൽ  പോയി  ഒരു ഗ്ലാസ്  ചായ  ഉണ്ടാക്കി  അതുമായി  നേരെ  മുറിയിലേക്ക്  നടന്നപ്പോൾ  അവൾ  ഒളികണ്ണിട്ട്  നോക്കുന്നുണ്ടായിരുന്നു.ഒരു പുരുഷൻ  ആയ ഞാൻ  ചായ  തനിച്ച്  ഉണ്ടാക്കി  കുടിക്കുന്നത്  അവൾക്ക്  കുറച്ചിൽ  ആവും. പക്ഷെ  അവൾ  ഉണ്ടാക്കുന്ന  ചായ  ഒന്നുകിൽ  കടുപ്പം  കൂടുതൽ  ആയിരിക്കും  അല്ലെങ്കിൽ  തീരെ  മങ്ങിയ നിറത്തിൽ. ചിലപ്പോ  കൊടും  ചൂടോടെ  ആവും  ചിലപ്പോ  ആറി  തണുത്തിട്ട്  ആവും. അത്  ഒക്കെ  കൊണ്ടാണ്  ഞാൻ  സ്വയം  അതങ്ങ്  ഉണ്ടാക്കിയത്. പരാതി  ഒന്നും  വേണ്ടല്ലോ.


മുറിയിൽ  കയറിയതും  വാതിൽ  അടച്ചു  കുറ്റിയിട്ടു  അല്ലെങ്കിൽ  യൂട്യൂബിലെ  കോകില വാണി എനിക്ക്  അസ്വസ്ഥത ഉണ്ടാക്കും. സംഗീതം ഇഷ്ടമല്ലാത്തത് കൊണ്ടല്ല. എല്ലാം കേൾക്കാനുള്ള ഒരു മാനസിക താല്പര്യം വേണം. നഷ്ടപ്പെട്ടാൽ എത്ര മനോഹരമായതും അരോചകമായി തോന്നിയേക്കാം.


പൂക്കളുടെ ഭംഗി അല്ല അത് കാണുന്നവരുടെ  മനസ്സിലെ സൗന്ദര്യം ആണ് പൂവിനെ മനോഹരമാക്കുന്നത്, അതുപോലെതന്നെ ശബ്ദവും രുചിയും ഗന്ധവും എല്ലാം. എന്തോ, ഒന്നും ആസ്വദിക്കാനുള്ള നിലയിലായിരുന്നില്ല എന്റെ മനസ്സ്.


ഇത്രയും കാലം താമസിച്ചുവന്ന വീട് ഏതു നിമിഷം വേണമെങ്കിലും ഒഴിയേണ്ടിവരും. അത് മുത്തശ്ശിയുടെ പേരിലുള്ളതാണ്. അവരുടെ  തീരുമാനം  എത്രയും  വേഗം  വീടും  അതുള്ള  പതിമൂന്നര സെന്റ്  പുരയിടവും വിൽക്കുക  എന്നത്. വിറ്റാൽ  അമ്മാവനും മുത്തശ്ശിക്കുമുള്ള  ഓരോ  പങ്ക്  കഴിച്ചിട്ട്  ശേഷിക്കുന്ന ഒരു  പങ്ക്  എനിക്കുള്ളതാണ്. അത്  മരിച്ചു  പോയ അമ്മയുടെ  അവകാശമോ   അതോ  കുടിയിറക്കി  വിടുന്ന എനിക്കുള്ള  ഔദാര്യമോ  എന്ന്  അറിയില്ല. രണ്ടായാലും  അത്  അർഹതപ്പെട്ടതല്ല എന്നാണ്  മനസ്സ്  പറയുന്നത്.


കൊവിഡ്  കാലം  എല്ലാവരെയും  പോലെ  എന്റെ  ജീവിതവും പെട്ടന്ന്   കീഴ്മേൽ മറിച്ചിടുകയായിരുന്നു. എടുത്തു ചാട്ടങ്ങളുടെ ഘോഷയാത്ര  ആയിരുന്നെങ്കിലും  കൊവിഡ്  തുടങ്ങുവോളം  എന്നിലെ  ഞാൻ ജീവനോടെ  ഉണ്ടായിരുന്നു. ഗൾഫിലെ  ജോലി  നഷ്ടപ്പെടുന്നു, ഒരുപാട്  കഷ്ടപ്പെട്ട്  നാട്ടിലേക്ക്  മടങ്ങുന്നു. മുത്തശ്ശൻ  കൊവിഡ്  ബാധിച്ചു  മരിക്കുന്നു, മുത്തശ്ശി  വീട്  വിട്ട്  അമ്മവനൊപ്പം  പോകുന്നു, ഗൾഫിലേക്ക്  പോകാൻ  ശ്രമിക്കുന്നു  കൊവിഡ്  തീർത്ത  പ്രതിസന്ധികളിൽ  പെട്ട്  യാത്ര  അനിശ്ചിതത്വത്തിൽ  ആകുന്നു.


ഇത്രയും  പ്രശ്നങ്ങൾക്കിടെ  ഭാര്യയും  ഞാനും  തമ്മിൽ ഉള്ള  സ്വരചേർച്ചകൾ  കൂടി  വരുന്നു. ഒരേ  വീട്ടിൽ രണ്ടു ധ്രുവങ്ങളിൽ കഴിയേണ്ടി  വരുന്ന അവസ്ഥ  ഒരു  തരം കടുത്ത  ദുരിതമാണ്. 


അവളും  ഞാനും  എന്നും  രണ്ടു  വഴിയെ  നടന്നവരാണ്. ഇരുപത്തി മൂന്നാം  വയസ്സിൽ  ഒരു  വാശിക്ക്  കയറി  പ്രേമിച്ചതാണ് അവളെ. അന്ന്  മാനസികമായി  ഒരു ഭർത്താവ്  ആകാൻ  ഉള്ള  പക്വത എനിക്കു ഇല്ല  എന്ന്  തോന്നിയപ്പോൾ കൊച്ചിയിലെ  ഒരു  സൈക്കോളജിസ്റ്റിനെ  പോയി  കണ്ടിരുന്നു. അയാൾ  തന്ന ക്ലീഷേ  മറുപടികൾ എന്നെ  തൃപ്‌തനാക്കിയില്ല. എനിക്ക്  അവളോട്  ലൈംഗിക  താല്പര്യം  തോന്നുന്നില്ല. അതായിരുന്നു  എന്റെ  പ്രധാന  പ്രശ്നം. അത്  കൊണ്ട്  തന്നെ  വിവാഹം  കഴിഞ്ഞാൽ  ഞാൻ  എങ്ങനെ  അവളെ  തൃപ്തിപ്പെടുത്തും  എന്ന ചിന്ത വല്ലാതെ അലട്ടി. ചില  സുഹൃത്തുക്കളുടെ ഉപദേശം  വിവാഹം കഴിഞ്ഞാൽ  എല്ലാം  നേരെ  ആകും  എന്നായിരുന്നു.


അവൾ  ആണെങ്കിൽ  എത്രയും  വേഗം  വിവാഹം നടത്താൻ  നിർബന്ധിച്ചു കൊണ്ടുമിരുന്നു. അങ്ങനെ  വിവാഹം  കഴിഞ്ഞു. ഒരു വർഷം കഴിയും  മുമ്പേ  കുഞ്ഞുണ്ടായി. പക്ഷെ  ഞങ്ങൾ  തമ്മിലുള്ള  അകലം  ഓരോ കൊല്ലം  കഴിയും  തോറും  കൂടി  വന്നതേയുള്ളൂ. ആറു  കൊല്ലം  ആറു  യുഗങ്ങൾ  പോലെ  ആണ്  തള്ളി  നീക്കിയത്.


ഒരു  കണക്കിന് ഞാനും  ശീലായുഗ മനുഷ്യനെ  പോലെ  ആണിപ്പോൾ  ചിന്തിക്കുന്നത്. വിശപ്പടക്കുക, വിസർജിക്കുക, ഉറങ്ങുക, മഴ നനയാതേ  ഇരിക്കുക  അത്ര മാത്രം  ആണിപ്പോൾ  എന്റെ  ആവശ്യങ്ങൾ.  മേൽവിലാസം  പോലും  ഇല്ലാത്ത വാലില്ലാത്ത നാട്ടു  മൃഗം. 


ചിന്തകൾ  ചിതൽപ്പുറ്റ് പോലെ  എനിക്കു  ചുറ്റും  വളർന്നു  പടർന്നു   കയറുമ്പോൾ  ഒരു  മഹാ  സമാധി  പോലെ  ഞാൻ  സ്വയം  അതിൽ  മുഴുകി  ഇരിക്കാൻ  ഉറച്ചു. അപ്പോഴും  അനുഭവങ്ങളുടെ  കൊക്കൂൺ  ഭേദിച്ച ശലഭമായി  ഞാൻ  ഒരിക്കൽ സ്വതന്ത്രനാകുമെന്ന് ഉള്ളിലിരുന്ന്  എന്റെ  മരിച്ച മനസ്സിന്റെ   പ്രേതം വെറുതെ  മന്ത്രിക്കുന്നുണ്ടായിരുന്നു.


-ദിപിൻ  ജയദീപ്

Friday, June 12, 2020

വിശുദ്ധ മണ്ണ്



പിലാവുള്ള വളപ്പിലെ ജാനൂട്ട്യേടത്തിക്ക് ഒരു പൂതി,  പഴനിമലവരെ ഒന്നു പോണം. വെറുതെ ഒരു തീർത്ഥാടനം! ആഗ്രഹമറിയിച്ചതും  സഖാവ് നാണുവേട്ടൻ വാളോങ്ങി. "പഴനിമലയിൽ വരെ പോയിവരാൻ ഉറുപ്പിക എത്ര്യാ...? " 

അയൽക്കൂട്ടത്തിലെ പെണ്ണുങ്ങളെല്ലാരും കൂടി ഏതാണ്ടൊരു മാസം മുമ്പൊരു തീർത്ഥയാത്ര പോയതാണ്. അന്നും ജാനൂട്ട്യേടത്തി പോയില്ല. ഇതിപ്പോ തഞ്ചത്തിനൊരു അവസരമൊത്തതാണ്. അനിയത്തി കല്യാണിയുടെ ചെറുമകന് പഴനിയിൽ പോയി മുടികളയാൻ ഒരു നേർച്ചയുണ്ട്. കാശ് മുടക്കാതെ പോയി വരാം. കൂട്ടത്തിൽ മധുര മീനാക്ഷിയേം കാണാം വരും വഴി ഗുരുവായൂരും ഒന്ന് തൊഴുതിങ്ങു പോരാം.വല്ല ചില്ലറയും വഴിച്ചെലവിന് കരുതിയാൽ പോരേ.. പക്ഷെ, നാണ്വേട്ടൻറെ കടമ്പ കടക്കണം എല്ലാത്തിനും. 

മൂപ്പര് എന്നും കടും പിടുത്തക്കാരനാണ്. ആഗ്രഹിച്ചതൊക്കെ നേടാൻ വല്ലാത്ത വാശിയാണ് എന്നും.  കൈത്തറിമില്ലിൽ പണിക്കു പോയ ജാന്വേടത്തിയെ ആറുമാസം പണിപ്പെട്ടാണ് നാണ്വേട്ടൻ വളച്ചൊടിച്ച് കുപ്പീലാക്കിയത്. 
അധികം വൈകാതെ  രണ്ടാളും കൂടി പൊറുതി തുടങ്ങി. ഒരു കാലൊടിഞ്ഞ കസേരയും രണ്ട് മൺകലവും എഴുത്തുമേശയും മാത്രമായിരുന്നു നാണ്വേട്ടന് സ്വന്തമായുണ്ടായിരുന്നത്.പിന്നെ പുറം ചട്ട ദ്രവിച്ചിളകിയ കുറേ പുസ്തകങ്ങളും ഒരു പാണ്ടൻ നായയും. ജാന്വേടത്തി വന്നതോടെ നായയുടെ സ്ഥാനം ഒറ്റമുറി കൂരയ്ക്ക് പുറത്തായി. 
രണ്ടാളും എല്ലുമുറിയെ പണിയെടുത്താണ് കഴിഞ്ഞത്. കച്ചിപ്പുര അങ്ങനെ ഓടു മേഞ്ഞ വീടായി  മാറിയപ്പോഴേക്കും നാണ്വേട്ടൻറെ മീശ നരച്ചു തുടങ്ങി, അപ്പോഴും ആശ നരക്കാതെ കാത്തുസൂക്ഷിച്ചിരുന്നു ആശാൻ! ചെമ്പരത്തിപ്പൂവിട്ട കാച്ചെണ്ണ തേച്ചതോണ്ടാവണം ജാന്വേടത്തിക്ക് നര തീരേ വന്നുമില്ല.
കല്യാണം കഴിഞ്ഞ് ആദ്യമായി രണ്ടാളും പോയത് 'കണ്ണപ്പനുണ്ണി' കാണാനായിരുന്നു. 
"കണ്ടാലോ സുന്ദരൻ എൻറെ മാരൻ
കരവാളെടുത്താലും, കരളലിവുള്ളവൻ" 
എന്ന് ജയഭാരതി പാടിയപ്പോൾ ജാന്വേടത്തി നാണ്വേട്ടനെ പാളി നോക്കി. കൊട്ടകയിലെ ഇരുട്ടിൽ അവരുടെ നാലു കണ്ണുകളും നല്ലോണം തിളങ്ങി.
കടലു കാണണം എന്നു പറഞ്ഞപ്പോൾ ഒരാഴ്ചക്കുള്ളിൽ ജാന്വേടത്തിയെ കടലു കാണിച്ചു. 
അതുപൊലൊരിക്കൽ മൃഗശാലയും കണ്ടു. എല്ലാം ശരി, പക്ഷെ അമ്പലം തെണ്ടാൻ മാത്രം മൂപ്പരെ കിട്ടില്ല.

പഴനിമലയ്ക്കു വിട്ടില്ലെങ്കിൽ ചത്തുകളയുമെന്നായി ജാന്വേടത്തി. അനുവാദമില്ലാതെ പോകാൻ അവർക്ക് വയ്യതാനും.
ഒടുവിൽ നാണ്വേട്ടൻറെ മനസ്സിളകി. 
"ജാന്വേ... നീ പോയ്ക്കോ... പക്ഷെ.."
ആ പക്ഷേ... ജാന്വേടത്തിയുടെ നെറ്റി ചുളിപ്പിച്ചു, ചെവി കൂർപ്പിച്ചു. ഇരുവർക്കുമിടയിൽ നീണ്ട നിശബ്ദത തളം കെട്ടി.

"പക്ഷെ... എനിക്കറിയണം, ആടെ പോയാ എന്താ    കിട്ട്വാന്ന്"

ഇതു കേട്ടതും ജാനു ചുണ്ടു കോട്ടി.
"അതോരു പുണ്യ സ്ഥലല്ലേ ഏട്ടാ. അവിടെ എന്നും തിരക്കോട് തിരക്കല്ലേ...? ഭഗവാനോട് പെണങ്ങീറ്റ് പണ്ട് മുരുകൻ പോയി കൂടിയത് ആടയല്ലേ..."

പക്ഷെ നാണ്വേട്ടൻ തൃപ്തനായില്ല.
" എനക്കതൊക്കെ അറിയാത്തോണ്ടല്ലെണേ...ഞ്ഞി, ആട പോയിറ്റ് എന്താ ലാഭം കിട്വ ജാന്വേ??? "

ജാന്വേടത്തി ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ച് അകത്തേക്കു പോയി.പിന്നെ അകത്തെ ചരുവങ്ങളും ഉരുളിയും  നാണ്വേട്ടനെ ശകാരിച്ചു തുടങ്ങി. കറിക്കരിയുന്ന ചുണ്ടൻ പിച്ചാത്തിയും വെള്ളം കോരാൻ കിണറ്റിലിറങ്ങിയ തോട്ടിയും നാലുമണിക്ക് പതിവുള്ള കട്ടൻചായവരുന്ന ഗ്ലാസു പോലും നാണ്വേട്ടനെ കണക്കിന് ശകാരിച്ചു. 

അടുക്കളപ്പിന്നാമ്പുറത്ത് അരകല്ലിൽ മുഖമൂന്നി ചിന്താവിഷ്ടയായിരിക്കുന്ന കഥാനായികയ്ക്കരികെ നായകൻ ചെന്ന് ഒടുവിൽ കീഴടങ്ങി. പോകാൻ അനുവാദം നൽകി.

കെട്ടും ഭാണ്ഡവുമേന്തി പ്രസന്നവദനയായി പുറപ്പെടുന്ന ജാന്വേടത്തിയോട് നാണ്വേട്ടൻ ഒരു കാര്യം പ്രത്യേകം പറഞ്ഞു. പോകുന്ന ക്ഷേത്രങ്ങളുടെ മുറ്റത്തൂന്നെല്ലാം ഒരു പിടി മണ്ണു സഞ്ചീലാക്കി കൊണ്ടുവരണം. 
കാര്യം പിടികിട്ടിയില്ലെങ്കിലും മൂപ്പത്ത്യാരത് സമ്മതിച്ചു. യാത്രയ്ക്കു പോയി.

നാലാം ദിവസം ക്ഷീണിച്ചവശയായി ജാന്വേടത്തി വീട്ടിലെത്തി. നാണ്വേട്ടന് കൊടുക്കാൻ അലുവയും അരിപൊരിയും പഞ്ചാമൃതവും ഒക്കെ എടുത്ത് നിരത്തുന്നതിനിടെ നാണ്വേട്ടൻ ആ മണ്ണിട്ട സഞ്ചി തിരക്കി. വളരെ ശ്രദ്ധാപൂർവ്വം ജാന്വേടത്തി ആ ജോലി ചെയ്തിരുന്നു. ഒരു കിഴി നിറയെ മണ്ണ് നാണ്വേട്ടൻറെ കൈയ്യിലേക്ക് ഭക്തിപുരസ്സരം നീട്ടി കൃതാർത്ഥയായി. 

അകത്ത് നിന്നും നാണ്വേട്ടനും ഒരു കിഴി കൊണ്ടുവന്നു. രണ്ടും കെട്ടഴിച്ച് മുറ്റത്ത് ഒരുമിച്ച് വിതറിയ ശേഷം പുഞ്ചിരിയോടെ വാമഭാഗത്തെ നോക്കി. 

"ജാന്വേ, ഇതിലിപ്പോ താൻ പോയ പുണ്യസ്ഥലങ്ങളിലെ മണ്ണുംണ്ട്  ഇവിടുത്തെ ഒരോ വളപ്പീന്നും ഞാനെടുത്ത മണ്ണുംണ്ട്..."

ജാന്വേടത്തി നിശബ്ദയായി ഏതോ ജാലവിദ്യകാണാനെന്ന പോലിരുന്നു. നാണ്വേട്ടൻ തുടർന്നു.

"ഈ മണ്ണൊക്കെ ഒരുമിച്ചിളക്കിയപ്പോ തനിക്കിതീന്ന് പഴനീത്തെ മണ്ണോ ഗുരുവായൂർത്തെ മണ്ണോ മധുരേലെ മണ്ണോ കണ്ടുപിടിക്കാമ്പറ്റുമോ...?
ഇല്ല...!!!
ഞാനെടുത്ത രാജൻറെ  വളപ്പിലെ മണ്ണോ മമ്മദിൻറെ വളപ്പിലെ മണ്ണോ നമ്പ്യാര് മാഷെ വളപ്പിലെ മണ്ണോ വേർതിരിക്കാനും പറ്റൂല്ല..."

ജാന്വേടത്തി തലയാട്ടി. 
നാണ്വേട്ടൻ വിവരിച്ചു, ഈ ഭൂമിയിലെ എല്ലാ ഇടങ്ങളും ഒരുപോലെയാണെന്ന സത്യം. ഒരിടം പുണ്യസ്ഥലമെന്നും വേറൊരിടം വിശുദ്ധ നാടെന്നുമൊക്കെ ആളുകൾ ഓരോ താൽപര്യങ്ങൾക്കായി പടച്ചുണ്ടാക്കിയതാണെന്നും ഇനി അഥവാ ദൈവമെന്ന അജ്ഞാത ശക്തി ഉണ്ടെങ്കിൽ തന്നെ അതിൻറെ പ്രാദേശിക കേന്ദ്രങ്ങളും ഹെഡ്ഡാഫീസും പോലെ ചെറു ദേവാലയങ്ങളും വലിയ ദേവാലയങ്ങളും ഒക്കെ മാറ്റേണ്ടതില്ല. അതൊക്കെ പണം കളിക്കണ കളികൾ മാത്രമാണെന്ന് വിവരിച്ചു.

നിലത്തു വീണ് ചിതറിയ മൺതരികൾ വെറുതെ ഒന്ന് വാരിയിളക്കിയ ശേഷം മൂപ്പത്ത്യാരും പുഞ്ചിരിച്ചു.
"ശരിയാണ്, ഈ ഭൂമിമുഴുക്കെ പുണ്യസ്ഥലാ... "

നാണ്വേട്ടൻ സന്തോഷവാനായി ഭാര്യയുടെ തോളത്തു കൈയ്യിട്ട് അകത്തേക്കാനയിച്ചു..
"ഏതായാലും താൻ കൊണ്ടുവന്ന പഞ്ചാമൃതം കഴിക്കാം, കാശ് കൊടുത്ത് വാങ്ങിയതല്ലേ...."

© Dipin Jayadip


Tuesday, May 19, 2020

ആത്മഹത്യ

അത്താഴം കഴിഞ്ഞ ശേഷം  അയാൾ പതിവില്ലാതെ എച്ചിൽ പാത്രങ്ങൾ ഒക്കെ വൃത്തിയായി കഴുകി കമിഴ്ത്തി വച്ചു. തിളപ്പിച്ചു വച്ചിരുന്ന പാലും അലമാരയിൽ വച്ച വിഷകുപ്പിയും കൊണ്ട് അയാൾ  കിടപ്പു മുറിയിലേക്ക് പോയി. ജനാലയിൽ കൂടി  തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു സിഗരറ്റും കത്തിച്ച് അയാൾ എഴുത്തു മേശയിൽ വന്നിരുന്നു. മനോഹരമായ കൈപ്പടയിൽ ഒരു ആത്‍മഹത്യകുറിപ്പ് എഴുതി വച്ചു. 

ഇനി മരിക്കണം! 

മേശവിളക്കിന്റെ അടിയിൽ ഒഥല്ലോയും പാവങ്ങളും മൂലധനവും ഒക്കെ പലദിശയിൽ കിടപ്പുണ്ട്. മേശയിൽ മുക്കാൽ ഭാഗവും നാശമായ ഒരു പഴയ കുടുംബ ഫോട്ടോ ചാരി വച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നും കൊണ്ടു വന്ന മെഡിക്കൽ റിപ്പോർട്ടും അവിടെ കിടപ്പുണ്ട്. 

അന്നെ ദിവസം കാലത്ത് ആയിരുന്നു അയാൾ റിപ്പോർട്ടുകളുമായി ഡോക്‌ടറെ കാണാൻ പോയത്. ഡോക്ടറുടെ സംശയവും അയാളുടെ ആശങ്കയും ശരി വെക്കുന്ന റിപ്പോർട്ട് ആയിരുന്നു അത്. 

ആ  മേശയുടെ ഒരറ്റത്ത് കൂജയിൽ വച്ചിരുന്ന തണുത്ത വെള്ളം എടുത്തയാൾ കുടിച്ചു. തൊണ്ട കുഴിയിൽ നിന്ന് ജല ബിന്ദുക്കൾ അന്നനാളം വഴി അരിച്ചിറങ്ങി ആമാശയത്തിൽ ചെന്നു സമ്മേളിക്കുന്നത് വ്യക്തമായി അറിയാമായിരുന്നു. 
അത്ര തണുപ്പുണ്ടായിരുന്നു ആ വെള്ളത്തിന്. 

താനൊരു ക്യാൻസർ രോഗി ആണെന്ന് ഡോക്ടർ പറഞ്ഞ നിമിഷം തന്നെ അയാളുടെ പാതി ജീവൻ പോയിരുന്നു. അവിവാഹിതനായ അയാൾക്ക് മുന്നിൽ അക്കാലം വരെ നട്ടു നനച്ച സ്വപ്നങ്ങളൊക്കെ പാടെ കരിഞ്ഞു പോയിരുന്നു. 

സിഗരറ്റ് ഒന്ന് ആഞ്ഞു വലിച്ചൂതി നെഞ്ചിലെ പാതി നരവീണ രോമങ്ങളിൽ ഒന്നു തടവി അയാൾ അങ്ങനെ അലസമായി കസേരയിൽ കിടന്നു. പുറത്ത് ഒരു മഴയുടെ പടയൊരുക്കം തുടങ്ങിയിരുന്നു. 

അക്കൊല്ലത്തെ വേനൽമഴകളിൽ ഒന്നാണ് രാത്രിയിൽ പെയ്യാൻ ഒരുങ്ങുന്നത്. ഒന്നോ രണ്ടോ തുള്ളി പെയ്തങ്ങ് പോകും. അത്രയേ ഉള്ളൂ, മണ്ണിലെ പൊടിയൊട്ടും അടങ്ങുക പോലും ഇല്ല. ഉഷ്ണം കൂടും എന്നല്ലാതെ ആ മഴ കൊണ്ട് ഭൂമി തണുക്കില്ല. പക്ഷെ, ആ മഴ കൂടി ആസ്വദിച്ച ശേഷം മരിക്കാം എന്നു കരുതി അയാൾ. ഒരു പക്ഷെ കാലം തെറ്റി തനിക്ക് വേണ്ടി വന്ന മഴയാവാം അതെന്ന് അയാൾ മനസ്സിൽ മന്ത്രിച്ചു. 

കാലവർഷം തുടങ്ങിയാൽ  നല്ല സുഖമായിരുന്നു എന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ ചുവരിൽ ഒട്ടിച്ച കലണ്ടറിൽ പതിഞ്ഞു. ഇനിയും കിടക്കുന്നു രണ്ടര മാസം തീർത്തും! മരിച്ചാലും ഇല്ലെങ്കിലും രോഗവും പേറി ആ മഴക്കാലം ആസ്വാദിക്കാൻ കഴിഞ്ഞെന്ന് വരില്ല. 
ഋതുക്കൾ വരുന്നത്  ശരിക്കും മനസ്സിൽ ആണല്ലോ...

ഒന്നു രണ്ടു ഇടിയും വെട്ടി വിളംബരം അറിയിച്ചു കൊണ്ട്  പതുക്കെ മഴ പെയ്തു തുടങ്ങിയിരുന്നു. അയാൾ എഴുന്നേറ്റ് പോയി ഉമ്മറത്ത് ചെന്നിരുന്നു. വിചാരിച്ച പോലെ അല്ല സാമാന്യം നല്ലൊരു മഴയാണ് വരുന്നത്. 
പതുക്കെ മഴയുടെ ശക്തി കൂടി. കാറ്റു കൂടി ഉള്ളത് കൊണ്ടാവണം കരണ്ട് പോയി. 

ഇടയ്ക്കിടെ മിന്നൽ അടിക്കുമ്പോൾ തൊടിയിലെ പടുവാഴകൾ പ്രേതങ്ങൾ പോലെ അയാൾക്ക്  തോന്നി. നാളെ മുതൽ തൻറെ പ്രേതവും ആ മുറ്റത്ത് ഒക്കെ അലഞ്ഞു തിരിയുമോ എന്നയാൾ ശങ്കിച്ചു...
അവിടെ ഇരുന്ന് മഴയുടെ താളവും കാറ്റിന്റെ കുസൃതിയും ആസ്വാദിച്ച്‌ അയാൾ ഒന്നു മയങ്ങി പോയി. 

ഒരു തേങ്ങൽ കെട്ടാണ് അയാൾ കണ്ണു തുറന്നത്. ആരോ ഇരുളിൽ നിന്നു തേങ്ങി കരയുന്ന ശബ്ദം. അയാൾ കാത് കൂർപ്പിച്ചു കൊണ്ട് മുറ്റത്തിന്റെ അതിരുകളിൽ ഒക്കെ എത്തി നോക്കി. അവിടെ എങ്ങും ആരെയും കാണാനില്ല. 

അൽപ്പം ഒരു ഇടവേള കൊടുത്തു കൊണ്ട് വീണ്ടും അതേ കരച്ചിൽ ഉയർന്നു. ഇത്തവണ അയാൾ കുറെ കൂടി ഗൗരവം പൂണ്ടു. എഴുന്നേറ്റ് തപ്പി തടഞ്ഞു പോയി അകത്ത് കിടപ്പ് മുറിയിൽ തലയിണയുടെ കീഴിൽ വച്ച ടോർച്ചു എടുത്തു കൊണ്ട് വന്നു.
അയാൾ വന്നു നോക്കിയപ്പോൾ ആ ശബ്ദം കേൾക്കാനില്ല. കുറച്ചു നേരം കൂടി അത് വീണ്ടും കേൾക്കുമോ എന്നറിയാൽ അയാൾ കാത് കൂർപ്പിച്ചു നോക്കി എങ്കിലും അത് കേൾക്കാനില്ല. 

വരാന്തയിൽ ഒരു അനക്കം കണ്ട് ടോർച്ചടിച്ചപ്പോഴുണ്ട് ഒരു പട്ടിക്കുഞ്ഞ്. അത് മഴ നനഞ്ഞു കയറി വന്നതാവണം. അതിന്റെ കണ്ണ് തുറന്ന് വരുന്നതെ ഉള്ളു. ആ പരിസരത്ത് എവിടെയോ  പെറ്റിട്ടതാവും അതിനെ. അതിന്റെ തള്ള ചിലപ്പോ തിരഞ്ഞു നടക്കുന്നുണ്ടാവണം. 

ആ പട്ടിക്കുഞ്ഞിന്റെ കരച്ചിൽ ആയിരുന്നു അതുവരെ അയാൾ കേട്ട തേങ്ങൽ. അയാൾ അതിന്റെ അരികെ ചെന്നു. കാൽ വിരൽ കൊണ്ട് പതിയെ തലയിൽ തൊട്ടു നോക്കി. 
അയാൾക്ക് നായ്ക്കളെ പണ്ടേ ഇഷ്ടമല്ല. 
അതാണെങ്കിൽ ആകെ നനഞ്ഞു കിടക്കുന്നു. ആ പട്ടിക്കുഞ്ഞ് അയാളുടെ കാലിനടുത്ത് കൂടുതൽ പറ്റി ചേർന്നു കിടന്നു. 

അയാൾ കുനിഞ്ഞു ഇരുന്ന് അതിന്റെ കണ്ണിലേക്ക് ടോർച്ചടിച്ചു. ആകെ അമ്പരപ്പും കൗതുകവും ഭയവും ഒക്കെ ആയിരുന്നു അതിന്റെ കണ്ണിൽ. കുറച്ചു നേരം അതിനെ നോക്കി നിന്നപ്പോൾ അയാൾക്ക് അതിനോട് ഒരിഷ്ടം തോന്നി. 
അകത്ത് പോയി ഒരു പഴയ തോർത്തു കൊണ്ടുവന്ന് അതിന്റെ ദേഹം ഒക്കെ തുടച്ചു കൊടുത്തു. തണുപ്പ് കൊണ്ട് വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു അതപ്പോൾ. 
അതേ തുണിയിൽ അതിനെ ചുരുട്ടി എടുത്തു കൊണ്ട് അയാൾ അകത്തേക്ക് നടന്നു. പട്ടിക്കുഞ്ഞപ്പോൾ കരച്ചിലും മൂളലും ഒക്കെ നിർത്തി കുറച്ചു ഉന്മേഷവാൻ ആയിരുന്നു. 

എന്തിനാണ് പട്ടിക്കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് വന്നതെന്ന് അയാൾക്ക് തന്നെ അറിയില്ലായിരുന്നു. എന്തായാലും ആ ജീവിയെ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. 

കാറ്റ് എതിർ ദിശയിൽ വീശിയത് കൊണ്ടാവണം കുറച്ചു കഴിഞ്ഞപ്പോൾ കരണ്ട് വന്നു. അപ്പോഴാണ് ആ പട്ടിക്കുഞ്ഞിനെ നല്ലവണ്ണം അയാൾ കാണുന്നത്. അവനൊരു ഓമനിത്തമൊക്കെ ഉണ്ട്. തവിട്ട് നിറമാണ്, വാലും  ഒരു ചെവിയും പക്ഷെ വെള്ള നിറമാണ്. അവന്റെ കണ്ണിൽ പ്രത്യാശയുടെ തിളക്കം അയാൾക്ക് കാണാമാ യിരുന്നു. താൻ മരിക്കാൻ പോകുന്നു എന്ന കാര്യം പോലും  അയാൾ മറന്നു പോയി.

തെല്ലു നേരം കഴിഞ്ഞപ്പോൾ പട്ടിക്കുഞ്ഞിന്റെ മട്ടു മാറി.അത് കരയാൻ തുടങ്ങി. അതിന് വിശക്കുന്നുണ്ടാവണം. കുരുന്നല്ലേ, ഇടയ്ക്കിടെ തള്ളയുടെ പാലും കുടിച്ചു ചൂടും പറ്റി കിടക്കേണ്ട പ്രായം! 

അതിനെ എടുത്തു കൊണ്ട് വന്നത് വല്യ പുലിവാലായി എന്ന് തോന്നി. നേരം പാതിരാ കഴിഞ്ഞു. മഴ ഒക്കെ പോയി. ഇനി അതിനെ പുറത്തു കൊണ്ട് വിട്ട് വാതിൽ അടയ്ക്കാം. എന്നിട്ട് ആവാം ആത്മഹത്യ എന്നു കരുതി അയാൾ അതിനെയും കൊണ്ട് പുറത്തിറങ്ങി. 

പട്ടിക്കുഞ്ഞിനെ മുറ്റത്ത് കൊണ്ട് വിട്ട് അയാൾ പലവട്ടം തിരികെ വന്നു. അപ്പോഴൊക്കെ അത് അയാൾക്ക് നേരെ തന്നെ നിഷ്കളങ്കമായി നടന്നു കയറി വന്നു കൊണ്ടേയിരുന്നു. ഒടുവിൽ അയാളുടെ മനസ്സലിഞ്ഞു. അതിനെ അകത്തേക്ക് കൊണ്ടു വന്നു. വിഷം ഒഴിക്കാൻ കൊണ്ടു വച്ചിരുന്ന പാൽ എടുത്ത് ഒരു തൂവാലയിൽ മുക്കി ആ പട്ടിക്കുഞ്ഞിന്റെ വായിൽ ക്ഷമയോടെ ഇറ്റിച്ചു കൊടുത്തു. 

നേരം പുലരുവോളം ഉറങ്ങാതെ അയാൾ ആ  പട്ടിക്കുഞ്ഞിനെ ലാളിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ തന്നെ പോയി പാൽ വാങ്ങി  വന്ന് അതിന് വായിൽ ഇറ്റിച്ച്  കൊടുക്കാനും അയാൾ മറന്നില്ല. 

അന്ന് ഉച്ചവരെ അയാൾ പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ആ പട്ടിക്കുഞ്ഞിന്റെ ഒപ്പം ചെലവഴിച്ചു. അതിനിടെ എപ്പോഴോ മേശപ്പുറത്ത് ഇരുന്ന വിഷക്കുപ്പി അയാൾ ദൂരെ വലിച്ചെറിഞ്ഞിരുന്നു... 

#ദിപിൻ_ജയദീപ്.

കൊച്ചി ഓർമ്മകൾ

കൊച്ചി പഴയ കൊച്ചി ഒന്നും അല്ല. ഇപ്പൊ മെട്രോയും ലുലു മാളും  ഒക്കെ ഉണ്ട്. ഇത് ഒക്കെ വരുന്നതിന് മുമ്പുള്ള ഒരു കാലം, ആ കാലത്താണ് ഞാൻ ഒരു ജോലി തേടി കൊച്ചിയിൽ അലയുന്നത്. വീട്ടിൽ നിന്ന് കാശ് ചോദിക്കാൻ അഭിമാനം അനുവദിക്കാത്ത കൊണ്ട് ബാംഗ്ലൂർ നിന്ന് ജോലി ഉപേക്ഷിച്ചു പോരുമ്പോൾ കിട്ടിയ അവസാനത്തെ ശമ്പളം നുള്ളി പെറുക്കി ജീവിക്കുന്ന അവസ്‌ഥ ആയിരുന്നു. എന്നാലും കൊച്ചി വല്ലാതെ മോഹിപ്പിച്ചിരുന്നു. 

അലച്ചിലിനൊടുവിൽ ഒരു കോൾ സെന്ററിൽ ജോലി ശരിയായി. വൈകിട്ട് ആണ് ജോലി. രാത്രി പത്തു മണിക്ക് മടങ്ങാം. പകൽ നന്നായി ഉറങ്ങാനും പറ്റും. 
ഇതിനിടെ താമസം കളമശ്ശേരി ഉള്ള ഒരു ലോഡ്ജിൽ തരപ്പെടുത്തി. ഒരു ഭാർഗവീനിലയം പോലുള്ള ലോഡ്ജ് ആയിരുന്നു. ഉടമയും നല്ല പ്രായമുള്ള കർക്കശകാരനായ ഒരു കാർന്നോർ ആയിരുന്നു. മൂട്ടകളുടെ ആ ഭാഗത്തെ വിഹാര കേന്ദ്രം ആയിരുന്നു ആ പഴഞ്ചൻ കെട്ടിടമെങ്കിലും അങ്ങേർക്ക് അത്  ഏതോ ബംഗ്ലാവ് പോലെ ആയിരുന്നു. 

ഒരു മുറിയിൽ രണ്ടുപേർ തങ്ങേണ്ടി വരും എന്ന് പറഞ്ഞപ്പോൾ വാടക കുറയും എന്നോർത്തു ഞാൻ സമ്മതിച്ചു. അവിടെ ഉള്ള മറ്റു അന്തേവാസികൾ ഒക്കെ വളരെ വ്യത്യസ്ത സ്വാഭാവക്കാർ ആയിരുന്നു. വലതു ഭാഗത്തെ മുറിയിൽ ഒരു തിരുവനന്തപുരം കാരൻ ആയിരുന്നു താമസം. വാചകമടിച്ചു ആരെയും വീഴ്ത്താൻ മിടുക്കൻ. പെണ്ണുങ്ങളുമായുള്ള പുള്ളിയുടെ നിറം പിടിപ്പിച്ച നുണക്കഥകൾ  കേൾക്കാൻ പലപ്പോഴും ഗതികെട്ട് നിന്നിട്ടുണ്ട്. ഇടതു ഭാഗത്തെ മുറിയിൽ ഒരു കോട്ടയം കാരൻ ടാക്സി ഡ്രൈവറും കൂടെ കോഴിക്കോട് കാരൻ ഒരു പയ്യനും ആയിരുന്നു താമസം. 
ഡ്രൈവർ മഹാ ജാഡ തെണ്ടിയും പയ്യൻ നല്ല കമ്പനിയും ആയിരുന്നു. 

പിന്നെയുള്ള മുറികളിൽ ഒന്നിൽ  എപ്പോഴും മദ്യം കഴിച്ചിരിക്കുന്ന ഒരു എഴുത്തുകാരൻ. രാത്രി മാത്രം പുറത്തിറങ്ങുന്ന ഒരു ട്രാൻസ്ജെൻഡർ യുവതി. പിന്നെ ആരോടും മിണ്ടാത്ത  ഒരു ഹോമിയോ ഡോക്ടറും.

ഒരു സാധു മനുഷ്യൻ ആയിരുന്നു എന്റെ സഹമുറിയൻ.
വയസ്സ് പത്ത് നാൽപത് അടുത്ത് ഉണ്ടെങ്കിലും വിവാഹം കഴിഞ്ഞില്ല. ഒരു മൂത്ത സഹോദരി അല്ലാതെ വേറെ ബന്ധുക്കൾ ആരും ഇല്ലത്രേ. ഒരു ഉടായിപ്പ് കമ്പനിയുടെ സെയിൽസ്മാൻ ആയിരുന്നു കക്ഷി.ശുദ്ധബ്രാഹ്മണനും ശുദ്ധ വെജിറ്റേറിയനും കടുത്ത ലഹരി വിരോധിയും സർവ്വോപരി പരമ ഭക്തനും ആയിരുന്നു. പാതിരാത്രി ചാടി എഴുന്നേറ്റു കവിത ഒക്കെ എഴുതി എന്നെ പേടിപ്പിക്കാറുണ്ടെന്നത് ഒഴിച്ചാൽ മറ്റു ശല്യം ഒന്നും ഇല്ലായിരുന്നു. 

അദ്ദേഹത്തിന്റെ കവിതകൾ ഒക്കെ ദുരിതത്തിൽ നിന്ന് കരകയറാൻ ഉള്ള മോഹവും നഷ്ട പ്രണയവും പിന്നെ ഭക്തിയും ഒക്കെ ആയിരുന്നു. എനിക്ക് കഥകൾ പറയാൻ നല്ലൊരു കേൾവിക്കാരൻ കൂടി ആയിരുന്നു മൂപ്പര്. എന്റെ തള്ളുകൾ ഒക്കെ സത്യമെന്ന് കരുതി ആ പാവം വെള്ളം തൊടാതെ എത്ര വിഴുങ്ങിയിരിക്കുന്നു. 

ചിലപ്പോൾ പഴയ പാട്ടുകൾ ഒക്കെ എന്നോട് പാടാൻ പറയും. പാടുമ്പോൾ മൂപ്പരുടെ കണ്ണു നിറയുന്നത് കണ്ടിട്ടുണ്ട് .അതേ... എന്റെ പാട്ട് അത്ര മോശം ഒന്നും ആയിട്ടല്ല, അങ്ങേര് ഗതകാല സ്മരണകളുടെ ഗിരിനിരകളിൽ പോയി കരിഞ്ഞ നീല കുറിഞ്ഞികൾ വല്ലതും പെറുക്കി എടുത്തു കാണും.. 

അയാളുടെ ഉള്ളിൽ ഒരു നഷ്ട പ്രണയവും കുറെ മുറി പാടുകളും ഉണ്ടെന്ന് പല സൂചനകളിൽ നിന്നും അതി ബുദ്ധിമാനും സർവ്വോപരി കാല്പനിക കവിയും ആയ ഞാൻ സമർത്ഥമായി കണ്ടെത്തിയിരുന്നു. 

കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന അയാളുടെ സഞ്ചിക്കകത്ത് കസവുള്ള ഒരു പഴയ മുണ്ട് കണ്ടിരുന്നു. ഒരിക്കലും അതൊന്നു ഉടുത്തു കാണാത്തത് കൊണ്ട് ഞാൻ ഒരു കഥ ഉണ്ടാക്കി. ഒരിക്കൽ മുടങ്ങി പോയൊരു വിവാഹ സ്വപ്നത്തിന്റെ ശവകുടീരം ആവും ആ മുണ്ട് എന്ന്. എനിക്കൊക്കെ എന്തും ഉണ്ടാക്കാം. പക്ഷെ ആ കാര്യത്തിൽ സത്യം ഉണ്ടോ എന്തോ! പതിവായി ഇല്ലെങ്കിൽ പോലും ഇടയ്ക്കിടെ, ഉറങ്ങും മുമ്പ് അരണ്ട വെളിച്ചത്തിൽ ഇരുന്ന് മൂപ്പര് എന്തോ ഒരു ഡയറിൽ എഴുതാറുള്ളത് കണ്ടിരുന്നു. ഞാനത് കണ്ട ഭാവമന്യേ ചരിഞ്ഞു കിടന്നു ഉറങ്ങും, അല്ല ഉറക്കം നടിക്കും. നമ്മൾ ആരാ മോൻ, ഏത്! 

ആയിടെ ഒരു ദിവസം. ഞാൻ ജോലി കഴിഞ്ഞു വന്നിട്ടും നമ്മുടെ വിഷാദകാമുകൻ വന്നില്ല. സാധാരണ ഞാൻ വരുമ്പോഴേക്കും കുളി ഒക്കെ കഴിഞ്ഞു നെറ്റിയിൽ വീതിയിൽ ഭസ്മം ഒക്കെ പൂശി കട്ടിലിൽ ഇരുന്ന് ഗീതയോ  മറ്റോ വായിക്കുന്നുണ്ടാവും. പ്രധാന പ്രശ്നം എന്തെന്നാൽ കക്ഷിയുടെ മൊബൈൽ ഫോണിന് ഇടയ്ക്ക് താനെ മയങ്ങി വീഴുന്ന ഒരു തരം അപസ്മാര ദിനം ഉണ്ട്. ആരെങ്കിലും വിളിച്ചാലോ, അല്ലെങ്കിൽ സമയം നോക്കാനോ അല്ലാതെ ആ മനുഷ്യൻ മൊബൈൽ എടുക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല. പലപ്പോഴും ഞാൻ വിളിച്ചപ്പോൾ ഒക്കെ ഫോണ് അദ്ദേഹത്തിന്റെ കീശയിൽ അബോധ ശയനം ആയിരുന്നു. അന്നും അത് തന്നെ സംഭവിച്ചു. സമയം ഏറെ വൈകിയിട്ടും അങ്ങേരെ കാണാൻ ഇല്ല. ഒടുവിൽ ഞാൻ ലൈറ്റണച്ചു കിടന്നുറങ്ങി.

പിറ്റേന്ന് ഞാൻ പോകും വരെയും അയാൾ മടങ്ങി വന്നില്ല. എന്റെ മനസ്സ് ആയത് കൊണ്ട് ആ നേരത്ത് വന്ന ചിന്തകൾ ഒക്കെ ദുരന്തങ്ങൾ ആയിരുന്നു. അന്ന് ജോലിക്ക് പോയിട്ട് എന്റെ മനസ്സ് ആകെ അസ്വാസ്ഥമായിരുന്നു. അയാൾ എങ്ങാനും വല്ല അപകടത്തിലും പെട്ട് കാണുമോ? 
ആ നേരം വരെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച്‌ ഓഫ് എന്നല്ലാതെ ഒന്നും കേൾക്കുന്നുമില്ല. 

പിറ്റേന്ന് രാവിലെ ലോഡ്ജ് ഉടമയോട് പറഞ്ഞാലോ എന്ന് ആലോചിച്ചു നോക്കി പിന്നെ കടുവാ ചാക്കോയെ പോലെ ഇരിക്കുന്ന  ആ കലിപ്പ് കിഴവന്റെ മുഖം ഓർത്തപ്പോൾ വേണ്ടന്ന് കരുതി. 

ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അയൽപക്കത്തെ താമസക്കാരോട് വിവരം പറഞ്ഞു. ജാഡ തെണ്ടി ആയ കോട്ടയം ഡ്രൈവറും തിരുവനന്തപുരത്ത് കാരനും കൂടി ഇടം വലം നിന്ന് എന്റെ ആശങ്ക കൂട്ടി. പുള്ളി എവിടെയോ പോയി ആത്മഹത്യ ചെയ്തിരിക്കുന്നു എന്ന് അവന്മാർ ഉറപ്പിച്ചു. ഒടുവിൽ  നമ്മുടെ കോഴിക്കോട്കാരൻ പയ്യൻ ആണ് പറഞ്ഞത് വല്ല എഴുത്തോ കുറിപ്പോ മറ്റോ ഉണ്ടോ എന്ന് തപ്പി നോക്കാം എന്ന്. 
അയാളുടെ ബാഗ് ഒക്കെ വലിച്ച് തുറന്നു അപാരമായ തപ്പലിൽ ആ തെളിവ് കണ്ടെടുത്തു. അയാളുടെ രഹസ്യ സൂക്ഷിപ്പ്കാരൻ ഡയറി. അതിൽ മുഴുവൻ അവ്യക്തമായി പരസ്‌പര ബന്ധമില്ലാത്ത എന്തോ കുറിച്ചു വച്ചിരുന്നു. ചില താളുകൾ ശൂന്യം, ചിലതിൽ കവിതകൾ, ചില പഴയ പാട്ടിന്റെ വരികൾ,ഒരു അഞ്ചു രൂപ നോട്ട്, കുറച്ചു ബില്ലുകൾ അങ്ങനെ അവസാന താളിൽ എത്തി... 

"എനിക്കു ഇനിയും വയ്യ 
വൈകുണ്ഠ നാഥാ... ഞാൻ വരുന്നു..." 

എന്നായിരുന്നു അതിൽ ഒടുവിൽ കുറിച്ചത്. 
വൈകുണ്ഠത്തിൽ പോകുന്നത്, മോക്ഷം കിട്ടൽ ആണല്ലോ.. ആ നിലയ്ക്ക് മറ്റേ ജാഡ തെണ്ടി പറഞ്ഞതിൽ കാര്യം ഇല്ലാതെ ഇല്ല. 
ആവശ്യത്തിൽ അധികം ഭയം കുത്തി വച്ചിട്ട് സാമദ്രോഹികൾ പോയി. അന്നു ഞാൻ ജോലിക്ക് പോയില്ല. കൂടെ ഉള്ള ആളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ അയാളുടെ ശവം കണ്ടു കിട്ടും. പോലീസ് വരുന്നതും എന്നെ ചോദ്യം ചെയ്യുന്നതും ഒക്കെ ഓർത്തു ഞാൻ ഉറങ്ങാതെ കിടന്നു. ഇടയിൽ എപ്പോഴോ അറിയാതെ മയങ്ങി പോയിരുന്നു. 

എന്തോ ശബ്ദം കേട്ട് ഞെട്ടിയപ്പോൾ അതാ മുന്നിൽ അങ്ങേര്! നെറ്റിയിൽ നിറയെ കളഭവും ചന്ദനവും ഒക്കെ പൂശി നിഷ്കളങ്കമായ പുഞ്ചിരി ഒക്കെ തൂക്കി അങ്ങനെ നിൽപ്പാണ്. അടക്കി വച്ച ദേഷ്യം ഒക്കെ പത്താം തരത്തിലെ പിൻനിരബെഞ്ചിൽ കേട്ടു മറന്ന അശ്ലീല വാക്കുകൾ ആയി എന്നിൽ നിന്നും ഉതിർന്നു വീണു. 

അയാളുടെ പ്രായം പോലും നോക്കാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. അപ്പോഴും പഴം വിഴുങ്ങിയ പോലെ ഉള്ള ആ നിൽപ്പിൽ ഞാൻ ശാന്തനായി. 

ഗുരുവായൂരപ്പനെ കാണാൻ തോന്നിയത് കൊണ്ട് പെട്ടന്ന് ആയിരുന്നു ഗുരുവായൂർക്ക് ഒരു യാത്ര പോയതത്രേ... സ്വദവേ രോഗി ആയ അങ്ങേരുടെ ഫോണ് ബാറ്ററി തീർന്ന് വിശന്നു ചത്തു പോയെന്ന്. പറയാൻ ഉള്ള സാവകാശം ഇല്ലായിരുന്നു. അതാണ് അങ്ങനെ  പോയത് എന്നൊക്കെ പറഞ്ഞു. 
ഒരു പത്ര കടലാസിൽ കുറെ പൊരിയും അരി മുറുക്കും ശർക്കര ഉണ്ടയും ഒക്കെ എടുത്തു എനിക്ക് നേരെ നീട്ടി. മേശപുറത്തു പുതിയൊരു ഉണ്ണികൃഷ്ണന്റെ ചിത്രവും ആയി. ഏതായാലും ആ സംഭവത്തോടെ അവിടുത്തെ പൊറുതി മതിയാക്കാൻ ഞാൻ ഉറപ്പിച്ചു. അടുത്ത തവണ പുള്ളിക്കാരന്റെ വിളി വൈകുണ്ഠത്തിന് പകരം കൈലാസത്തിൽ നിന്നെങ്കിൽ ഞാൻ പെട്ടു പോകൂലോ... 

-ദിപിൻ ജയദീപ്.

വിശുദ്ധ നരകം

പ്രാർത്ഥനയ്ക്കുള്ള ബെൽ മുഴങ്ങി!
ആലീസും എലിസബത്തും ഹാളിലേക്ക് പോകുമ്പോൾ മോളിക്കുട്ടി മേശപ്പുറത്ത് തല ചായ്ച്ചു കിടക്കുകയായിരുന്നു. 

പ്രാർത്ഥനയ്ക്ക് പോകാൻ അവൾക്കന്ന് നല്ല പേടി ആയിരുന്നു. ഹാളിൽ അവളെയും കാത്ത് ഫിലോമിന സിസ്റ്റർ ഉണ്ടാകും. അന്ന് അവരോടൊപ്പം കിടക്കേണ്ടത് മോളിക്കുട്ടി ആയിരുന്നു. ഓരോ ദിവസം ഊഴം കാത്തു ഭയന്നു വിറച്ചു കഴിയുകയാണ് ആ മഠത്തിലെ സന്ന്യാസിനികളാവാൻ വന്ന തരുണികൾ. 
ആലീസ് പോയി  അന്തിയുറങ്ങി പിറ്റേന്ന് പുലർച്ചെ വന്ന കാഴ്ച്ച ഓർത്തപ്പോൾ തന്നെ മോളിക്കുട്ടിക്ക് അടിവയറ്റിൽ നിന്നൊരു നോവ് കയറി. രാത്രി കാലങ്ങളിൽ ആരൊക്കെയോ പുറത്തു നിന്നും അവിടെ വന്നു പോകുന്നത് അവർക്ക് അറിയാം. 
ഇരുളിന്റെ മറവിൽ മാത്രം കണ്ട ആ മുഖങ്ങളിൽ പലതും പകൽ വെളിച്ചത്തിൽ വിശുദ്ധ വസ്ത്രങ്ങളിൽ വെളുക്കെ ചിരിക്കുന്നതും അവർക്ക് അറിയാം.പക്ഷെ നിരാലംബരായ കർത്താവിന്റെ മണവാട്ടിമാർക്ക് ഒന്ന് പൊട്ടി കരയാൻ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. 

ഫിലോമിന സിസ്റ്ററുടെ മുമ്പിൽ ചെല്ലുന്ന കാര്യം ഓർത്തപ്പോൾ മോളിക്കുട്ടിക്ക് ഉള്ളം കാൽ മുതൽ ഭയം അരിച്ചു കയറി തുടങ്ങി.
അവരൊരു പിശാചിനി ആണ്. അവർ കുട്ടികളെ പ്രാപിക്കും. അവരുടെ ഇളം ശരീരം കണ്ടാൽ അവർക്ക് ഭ്രാന്താണ്. പാതിരാവിൽ അവരുടെ മുറിയിൽ വരുന്ന താടിയുള്ള നിഴൽ രൂപങ്ങൾക്ക് അവർ കുട്ടികളെ എത്തിച്ചു കൊടുക്കും. 

മുമ്പ് അവിടെ വന്ന ഇസബെല്ല സിസ്റ്റർ എപ്പോഴും പറയും.

"നല്ല പ്രായത്തിൽ കെട്ടിച്ചു വിടാത്തതിന്റെ ഏനക്കേട്  ആണ് അവർക്ക്... " 

ഒരിക്കൽ മഠത്തിലേ കുട്ടികളെ ഒക്കെ വിളിച്ചു കൂട്ടി ഇസബെല്ല സിസ്റ്റർ ടെറസ്സിൽ വച്ചു യോഗം കൂടി. 
മഠത്തിൽ നടക്കുന്ന അനാശാസ്യങ്ങൾ ഒക്കെ പുറം ലോകം അറിയണം എന്നവൾ പ്രസംഗിച്ചു. അവൾക്ക് നല്ല തന്റേടമുണ്ട്. അവളുടെ അപ്പൻ ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നു പോലും. 

പക്ഷെ അധികം വൈകാതെ ഇസബെല്ല സിസ്റ്ററെ സ്ഥലം മാറ്റി. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിൽ കൊണ്ടു പോയി. 

പലപ്പോഴും അവിടെ നിന്നും ഓടി പോയാലോ എന്നു തോന്നിയിരുന്നു മോളിക്കുട്ടിക്ക്. പക്ഷെ വീട്ടിലെ സ്ഥിതി ഓർക്കുമ്പോൾ അങ്ങോട്ട് പോകാൻ ഉള്ള ധൈര്യം ഒക്കെ ചോർന്നു പോകും. 

അമ്മച്ചിയെ ഓർത്തതും മോളിക്കുട്ടിയെ കാത്ത്, അവളുടെ അമ്മച്ചി കത്രീനയും അമ്മാച്ചൻ കൊച്ചു വറീതും  മഠത്തിന്റെ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു. 

"നിങ്ങൾ എപ്പോ വന്ന് ? " 

ബീഡിയും ഊതി ഇരുന്ന വറിതിനെ ഒന്നു നോക്കി. കുശലം പറഞ്ഞെന്ന് വരുത്തി. 

"ആ ഇച്ചിരി നേരം ആയി... എങ്ങനൊണ്ട് കൊച്ചേ നിന്റെ പഠിത്തം? ഇക്കൊല്ലം പാസ് ആകുവോ അതോ മൊട്ട ഇടുവൊ..."

ആങ്ങളയുടെ വളിപ്പൻ തമാശയ്ക്ക് കത്രീനാമ്മയുടെ വക ഒരു മങ്ങിയ ചിരിയും പാസ്സാക്കി. 

മോളിക്കുട്ടി ഒന്നും മിണ്ടിയില്ല. 

"നല്ല മര്യാദയ്ക്ക് ഒക്കെ നിന്നോണം, കർത്താവിന്റെ മണവാട്ടി ആകേണ്ടവളാ..."

കൊച്ചു വറീത് ഉപദേശിക്കാൻ തുടങ്ങി.

മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരുന്ന രണ്ടു കന്യാസ്ത്രീകൾ അത് കേട്ട് ചിരിച്ചപ്പോൾ മോളിക്ക് വല്ലാത്ത അമർഷം തോന്നി. 

"ഇത് കുറച്ചു മാങ്ങാ പഴവും അവലോസ് പൊടിയും ഉണ്ട്" 

കത്രീന കയ്യിൽ പിടിച്ച പൊതിക്കെട്ട്  മോളിക്ക് കൊടുത്തു. 

"നിനക്ക് ഇവിടെ സുഖം അല്യോടി കുഞ്ഞേ..? വീട്ടിലെ കഷ്ടപ്പാട് ഒന്നും അറിയണ്ടല്ലോ...  "

മോളിക്കുട്ടി ഒന്ന് മൂളി. 

"എന്നാ ഞങ്ങൾ എറങ്ങുവാ, വൈകിയാൽ ബസ്സ് കിട്ടുകേല... " 

കൊച്ചു വറീത് പോകാൻ തിരക്ക് കൂട്ടി. 

കത്രീന മോളിയെ ഒന്നു കെട്ടിപ്പിടിച്ചു കൊണ്ട് അയാൾക്ക് പിന്നാലെ നടന്നകന്നു. 
മോളിക്കുട്ടി ചുണ്ട് കോട്ടി  ഒന്നു മൂളി... 
പെട്ടന്ന് അവൾ കാൽ വഴുതി തറയിൽ വീണു. 
തറ കുഴിഞ്ഞു പോകുന്നു... 
ആഴങ്ങളിലേക്ക് അവൾ വീണു പോകുമ്പോൾ അമ്മച്ചിയെ വിളിച്ചു കൂവി നോക്കി... തൊണ്ട പൊട്ടുമാറ് ഉറക്കെ കൂവിയിട്ടും ശബ്ദം വെളിയിൽ വരുന്നില്ല... 

"മോളിക്കുട്ടി... " 

ഫിലോമിന സിസ്റ്ററുടെ ശബ്ദം കേട്ട് മോളി കണ്ണു തുറന്നു, ചാടി എഴുന്നേറ്റു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് അവൾ സ്വപ്നത്തിൽ ആയിരുന്നെന്ന്.

"നീ ഇന്നെന്താ പ്രാർത്ഥനയ്ക്ക് വരാതിരുന്നത്? " 

ഫിലോമിന സിസ്റ്റർ നല്ല കോപത്തിൽ ആയിരുന്നു. പ്രാർത്ഥന കഴിഞ്ഞാൽ അവരുടെ മുറിയിൽ ചെല്ലാൻ ആണ് അവിടുത്തെ നിയമം. അന്നത്തെ ഇരയെ കിട്ടാത്ത അരിശത്തിൽ ആയിരുന്നു സിസ്റ്റർ ഫിലോമിന. 

"എനിക്ക് നല്ല തലവേദന ഉണ്ട് സിസ്റ്ററെ...അതാ ഞാൻ... " 

ഫിലോമിന അവളുടെ നെറ്റിൽ കൈ വച്ചു നോക്കി. അവരുടെ കൈകൾ മരം പൊലിരുന്നു. 

"ആ പ്രാർത്ഥിച്ചു കിടന്നോ... നാളെ മുറിയിൽ വന്നേക്കണം, അല്ലെങ്കിൽ എൻറെ സ്വഭാവം അറിയാമല്ലോ... " 

ഒരു കൊടുങ്കാറ്റ് പോലെ ഫിലോമിന സിസ്റ്റർ അവിടെ നിന്നും പോയി. അവർ പോയ ശേഷം മോളിക്കുട്ടി കുറെ നേരം മനസ്സു തുറന്ന് പൊട്ടി കരഞ്ഞു. മേശപ്പുറത്ത് വച്ചിരുന്ന കന്യാമറിയത്തിന്റെ രൂപം എടുത്തു കുറെ ഉമ്മകൾ വച്ചു. അവൾക്ക് അമ്മച്ചിയെ ഒന്നു കാണാൻ വല്ലാത്ത കൊതി തോന്നി. 

 എല്ലാ പരീക്ഷയിലും അത്യാവശ്യം നല്ല മാർക്ക് ഒക്കെ വാങ്ങുന്ന കുട്ടിയാണ് മോളിക്കുട്ടി. മറ്റു പിള്ളേരേ പോലെ അവൾക്ക് നാലക്ഷരം പഠിപ്പിച്ചു കൊടുക്കാൻ പോലും ആരും ഇല്ലായിരുന്നു വീട്ടിൽ. കഷ്ടിച്ച് അക്കങ്ങൾ കൂട്ടി എഴുതാനും സ്വന്തം പേരും വീട്ടു പേരും എഴുതാനും മാത്രമേ കത്രീനാമ്മയ്ക്ക് അറിയൂ. അത് തന്നെ തെറ്റിക്കും. 
'പൊന്നുംകണ്ടത്തിൽ' എന്നതിന് പകരം 'പെന്നും കണ്ടതിൽ' എന്നാണ് അവർ പലപ്പോഴും എഴുതുക.  

ഓരോ തവണ അമ്മാച്ചൻ വരുമ്പോഴും കുറെ കളിയാക്കലും ഉപദേശവും വഴക്കും അല്ലാതെ ഒന്നും അവൾക്ക് അക്കാലം വരെ കിട്ടിയിട്ടില്ല. അപ്പനെ കണ്ട ഓർമ്മ പോലും ഇല്ല മോളിക്കുട്ടിക്ക്. വലിവിന്റെ അസുഖമുള്ള കത്രീന ആടിനെ വിറ്റും കോഴിയെ വളർത്തിയും ഒക്കെയാണ് രണ്ടു പെണ്മക്കളെ വളർത്തിയത്. മോളിക്കുട്ടിയുടെ ചേച്ചി ലില്ലിയെ കെട്ടിച്ചു വിട്ടതോടെ ആകെ ഉണ്ടായിരുന്ന അഞ്ചു സെന്റും ഓടിട്ട വീടും അവർക്ക് നഷ്ടമായി. 
പിന്നീട് അമ്മാച്ചൻ കൊച്ചു വറീതിന്റെ വീട്ടിൽ ആയിരുന്നു മോളിക്കുട്ടിയും അമ്മച്ചിയും കഴിഞ്ഞത്. 
അപ്പന്റെ സ്‌ഥാനത്ത്‌ നിന്ന് അവളെ സ്നേഹിക്കേണ്ട ആളാണ് കൊച്ചു വറീത്. പക്ഷെ അവൾക്ക് ഒരു നാരങ്ങാ മിട്ടായി പോലും അയാൾ വാങ്ങി കൊടുക്കില്ല. 

ഏഴാം തരം ജയിച്ചു വന്നപ്പോൾ അമ്മാച്ചൻ പറഞ്ഞത് മോളിക്കുട്ടിയെ ഇനി പള്ളിക്കൂടത്തിൽ വിടണ്ടന്നാണ്. അന്നൊരു യുദ്ധം തന്നെ അവിടെ നടന്നു. 

മോളിക്കുട്ടി പഠിച്ചാൽ എന്താ കുഴപ്പം എന്നും ചോദിച്ചു കൊണ്ട്  അമ്മച്ചിയോടും അമ്മാച്ചനോടും പട വെട്ടി. 

"ചത്തു പോയ നിന്റെ  തന്ത ഒണ്ടാക്കിയത് ഒന്നും ഇല്ലടി കൊച്ചേ...  " 

കൊച്ചു വറീത് അവളെ തല്ലാൻ ചെന്നു. 
ഒടുവിൽ കത്രീനാമ്മ സോപ്പ് കമ്പനിയിൽ പണിക്ക് പോയി കിട്ടിയിരുന്നു തുച്ഛമായ വരുമാനം കൊണ്ട്   ഒരുവിധം മകളെ  പത്താം തരം വരെ പഠിപ്പിച്ചു. 

അതോടെ കത്രീന തീർത്തും ഒരു രോഗി ആയി കഴിഞ്ഞിരുന്നു. മകളുടെ ഭാവിയെ കരുതി അവർക്ക് അവളെ കന്യാസ്ത്രീ ആക്കാൻ കൊടുക്കേണ്ടി വന്നു. 

തന്റെ സ്വപ്നങ്ങളും ജീവിതവും ഒക്കെ ഒരു വിശുദ്ധ നരകത്തിൽ എരിഞ്ഞു തീരും എന്നോർത്തപ്പോൾ മരിക്കാൻ പോലും അവൾക്ക് തോന്നിയതാണ്. കത്രീനാമ്മയുടെ ചങ്ക് പൊട്ടിപ്പോകും എന്നോർത്തു  മാത്രമാണ് അവൾ മരിക്കാതിരുന്നത്. 

ആലീസും എലിസബത്തും മടങ്ങി വന്നപ്പോൾ  മോളിക്കുട്ടി കട്ടിലിൽ കിടന്നു കരച്ചിൽ ആയിരുന്നു. അവളെ കെട്ടി പിടിച്ചു കൊണ്ട് അവരും കൂടെ കരഞ്ഞു. ഓരോ പകലും ഇരുണ്ടു തുടങ്ങുമ്പോൾ ആ പെണ്കുട്ടികൾക്ക് ഭയത്തിന്റെ വെള്ളിടി വെട്ടാൻ തുടങ്ങും. ബലി പൂജയ്ക്കുള്ള ആട്ടിൻ കുഞ്ഞുങ്ങളെ പോലെ അവർ മരിച്ചു ജീവിച്ചു കൊണ്ടിരുന്നു. 

നാളെ വൈകുന്നേരം മോളിക്കുട്ടിക്ക് പോകാതെ പറ്റില്ല. അവൾ ഉറങ്ങാതെ കിടന്നു നേരം വെളുപ്പിച്ചു. അന്ന് കാലത്ത് മുതൽ മോളിക്കുട്ടി പ്രാർത്ഥനയിൽ ആയിരുന്നു. 
അവളുടെ ഉള്ളിൽ അമ്മച്ചിയും മരിച്ചു പോയ അപ്പനും നിറഞ്ഞു നിന്നു. 

അന്ന് വൈകിട്ട് ആലീസിനേയും എലിസബത്തിനെയും ദയനീയമായി നോക്കികൊണ്ട് മോളിക്കുട്ടി മുറി വിട്ടിറങ്ങി.
അവർ ആരും ഒന്നും മിണ്ടിയില്ല. അവരുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. 

പ്രാർത്ഥന കഴിഞ്ഞ ശേഷം മോളിക്കുട്ടി ഫിലോമിന സിസ്റ്ററുടെ മുറിയിലേക്ക് ചെന്നു.
അവൾ സ്വയം തന്റെ ശരീരം ബലി അർപ്പിക്കുകയായിരുന്നു. കസേരയിൽ ഇരുന്ന് വീഞ്ഞു കുടിച്ചു കൊണ്ടിരുന്ന ഒരു രൂപം അവൾക്കു നേരെ നടന്നു വന്നത് അവൾ കണ്ടില്ല. 

പിറ്റേന്ന് കിണറ്റിൽ മരിച്ചു വിറങ്ങലിച്ചു കിടക്കുന്ന മോളിക്കുട്ടിയെയാണ് ആലീസും എലിസത്തും കണ്ടത്. ഒന്നും മിണ്ടാതെ രണ്ടു പേരും മുറിയിലേക്ക് നടന്നു.. 
ബൈബിൾ തുറന്നു... 
വെളിപാടിന്റെ പുസ്തകം ഒന്നാം അധ്യായം ആറാം വാക്യം ഉറക്കെ വായിച്ചു

"നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും;
 ആമേൻ."

-ദിപിൻ ജയദീപ്.

രണ്ടു പെണ്ണുങ്ങൾ

അത്താഴം കഴിഞ്ഞു ചട്ടിയും കലവും മോറി എഴുന്നേറ്റ് നിന്നപ്പോൾ അടുക്കള പുറത്തു ഇരുട്ടിൽ ഒരു കിലുക്കം... 
നാണി, ചിമ്മിണി വിളക്ക് തലയ്ക്കു മീതെ പൊക്കി വളപ്പിലേക്ക് ഏന്തി നോക്കി. 
ശീമക്കൊന്നവേലിക്കിടയിൽ കൂടി ആരോ നൂണ്ടു കടന്നു വളപ്പിലേക്ക് കയറുന്ന നിഴല് കണ്ടു. 

പതുക്കെ ആ കിലുക്കം അടുത്തു വന്നതും നാണി വിളക്കും താഴെയിട്ടു പിന്നോക്കം ചാടി. 
"ന്റെ, മുച്ചിലോട്ടമ്മേ... ങ്ങളോ.... " 

ചോര ചുവപ്പുള്ള പട്ടു കൊണ്ട് അരയിൽ ഞൊറിഞ്ഞു കെട്ടി, സ്വർണ്ണ കസവുള്ള മുലക്കച്ച കെട്ടി കയ്യിലും മെയ്യിലും നിറയെ പൊന്നും ചാർത്തി  സാക്ഷാൽ മുച്ചിലോട്ട് ഭഗവതി അതാ നാണിയുടെ അടുക്കളപ്പുറത്ത്. 

നാണിക്ക് തൊണ്ട വരണ്ടു. ഒച്ച പൊന്തിയില്ല. കണ്ണു മിഴിച്ചു കൊണ്ട് ദേവിയെ തന്നെ നോക്കി ഒറ്റ നിൽപ്പ്. ദേവി നുണക്കുഴി കാട്ടി പുഞ്ചിരിച്ചു. 
ചെമ്പകപ്പൂവിന്റെ മണം കൊണ്ട് അവിടമാകെ നിറഞ്ഞു. 

"ദേവീ... എന്താ ഇവിടെ... ഈ നേരത്ത്..." 

നാണി തൊഴു കൈയ്യോടെ ചോദിച്ചു. 

ചായ്പ്പിൽ കിരീടം മുട്ടാതിരിക്കാൻ തല കുനിച്ചു കൊണ്ട് ദേവി നാണിയുടെ അടുക്കളയിൽ  കയറി കൊരണ്ടി പലകമേൽ കുത്തിയിരിപ്പായി.

ഒരു സ്വപ്നം പോലെ നാണി അതു നോക്കി നിന്നു.
"നാണി, എനിക്ക് വിശക്കുന്നു എന്തെങ്കിലും തായോ..." 

ദേവി ദയനീയമായി നാണിയെ നോക്കി, നാണി ദയനീയമായി തന്റെ മോറി കുമ്പിട്ടു വച്ച കലത്തിലും നോക്കി. 

"ഒന്നും ഇരിപ്പില്ല തമ്പാട്ടിയെ... 
ആകേണ്ടായത് നാല് വറ്റും ഒഴക്ക് വെള്ളവും, അതു ഞാൻ കുടിച്ചു പോയല്ലോ... " 

ദേവി ഒരു ദീർഘ നിശ്വാസം കഴിച്ചു. 
"തമ്പാട്ടിയെ, ങ്ങക്ക്  അവിട തിന്നാനും കുടിക്കാനും ഇഷ്ടം പോലെ കിട്ടില്ലേ... പിന്നെന്താ ഇത്ര വെസപ്പ്.. 

അടിയത്തുങ്ങൾ ഒരു നേരം തിന്നാ പൈപ്പടക്കുന്നെ... "

നാണി താടിക്ക് കൈ കുത്തി അതിശയിച്ചു. 

"നാണി, ഞാൻ ഇന്ന് നിന്റെ കൂടെ ഇരിക്കട്ടെ..എനിക്ക് ഒരു പായും തലയിണയും തരുമോ നീ  "

ദേവി ചോദിച്ചു, 
നാണി ആകെ ചിന്താ കുഴപ്പത്തിൽ ആയി. എന്തു പറയണം, നാട് കാക്കുന്ന ദേവിയാണ് ഒരു ചെറുമി പെണ്ണിന്റെ കുടിയിൽ വന്ന് കഞ്ഞി ചോദിക്കുന്നു, കിടക്കാൻ ഇടം ചോദിക്കുന്നു... ആരെങ്കിലും അറിഞ്ഞാൽ എന്തു കരുതും. 

"ആ കോവിലിൽ ഒറ്റയ്ക്ക് പൂട്ടി ഇട്ട് എല്ലാവരും പോകും... ഞാനും ഒരു പെണ്ണ് ആണ് നാണി..
ഇന്നലെ ആ കിഴവൻ നമ്പൂരി കോവിൽ തഴുതിടാൻ മറന്നു ആ തക്കത്തിന് ആണ് ഞാൻ ഒന്ന് പുറത്തു ഇറങ്ങിയെ...  "

നാണിയുടെ ചിന്ത കണ്ടപ്പോൾ ദേവി പരിഭവിച്ചു. 

"ശരിയാ, ആടെ ആരും ങ്ങക്ക് കൂട്ടിന് ഇല്ലല്ലോ അല്ലെ..." 

നാണിക്കും അത് ശരിയെന്ന് തോന്നി. 
"എന്നെ രാവിലെ ഉണർത്തുന്നതും കുളിപ്പിക്കുന്നതും ഊട്ടുന്നതും ഉറക്കുന്നതും എല്ലാം ആ വയസ്സൻ നമ്പൂരി ആണ് നാണി... 
ഓരോ പെണ്ണുങ്ങളും കളിച്ചും ചിരിച്ചും നടക്കുമ്പോൾ ഞാൻ മാത്രം 
ആ കൽത്തുറുങ്കിൽ... ഒറ്റയ്ക്ക്   "

ദേവിക്ക് തൊണ്ടയിടറി... 
അതു കണ്ട് നാണിക്കും സങ്കടമായി. അവൾ ഓടി പോയി തഴപ്പായും തലയിണയും കൊണ്ടു വന്ന് തട്ടി കുടഞ്ഞു വിരിച്ചു. ദേവിയോട് കിടന്നോളാൻ പറഞ്ഞു. 

"നാണി, എന്തേ എനിക്ക് പെണ്ണുങ്ങൾ പൂജ കഴിച്ചാൽ.. ആണുങ്ങൾ വന്ന് താറും പാച്ചി ഇരിക്കും... അയ്യോ" 

ദേവി തലയിൽ കൈ വച്ചു പോയി. 

മുടിവാരി ഉച്ചിയിൽ കെട്ടി, ഒരു കോട്ടുവാ ഇട്ടു കൊണ്ട്  നാണിയും കൂടെ കിടന്നു. 
പതിവ് പോലെ കിടക്കുമ്പോൾ മുച്ചിലോട്ട് ദേവിയെ വിളിച്ചു പോയി... 

ദേവി അരികത്തു കിടന്ന് മൂളിയപ്പോൾ നാണിക്ക് ചിരി പൊട്ടി.

"ദേവീ, ഈ ലോകത്ത് നമ്മൾ പെണ്ണുങ്ങൾ എല്ലാം കണക്കാ ല്ലേ..  
ദേവി ആയാലും ഈ നാണി ആയാലും, മനയ്ക്കളെ കുഞ്ഞോത്തോലമ്മ ആയാലും ഒക്കെ കണക്കാ... "

നാണി വേദാന്തി ആയി.

ദേവി ഒന്നു പൊട്ടിച്ചിരിച്ചു.. 
"നാണി, നിനക്ക് അറിയുമോ ഈ ലോകത്ത് രണ്ടു തരം പെണ്ണുങ്ങൾ മാത്രേ ഉള്ളു..
ഒന്ന് ആണുങ്ങൾ മോഹിക്കുന്ന പെണ്ണ് 
രണ്ട് ആണുങ്ങളെ മോഹിക്കുന്ന പെണ്ണ്

രണ്ടിനും അടിമത്തം തന്നെ യോഗം.. " 

നാണി, നെറ്റി ചുളിച്ചു ആലോചനയിൽ ആണ്ടു..
കുറെ നേരം കഴിഞ്ഞപ്പോൾ തലയിൽ കാര്യം കത്തി. 

"തമ്പാട്ടി, ഈ ലോകം ആണുങ്ങൾ അവർക്ക് വേണ്ടി അവരാലെ ഉണ്ടാക്കി വച്ചത് ആണ്. നമ്മൾ അവർക്ക് സുഖിക്കാനും പെറ്റു പെരുക്കാനും ഉള്ള യന്ത്രങ്ങൾ മാത്രം... ല്ലേ... " 

നാണി ദേവിയെ നോക്കി.. 
ദേവി സുഖമായി കൂർക്കം വലിച്ചു ഉറങ്ങി തുടങ്ങി. 
ആദ്യമായി, സുരക്ഷിതമായി അങ്ങനെ ഉറങ്ങി പാവം ദേവി.

നാണി ചിമ്മിണി വിളക്ക് ഊതിയില്ല, ഉറങ്ങാതെ ദേവിക്ക് കൂട്ടിരുന്നു... 
നേരം പര പരാ വെളുത്തപ്പോ ആരും കാണാതെ ദേവി ശീമക്കൊന്ന വെളിയും ചാടി ചിലമ്പും കിലുക്കി അമ്പലത്തിലേക്ക് ഓടി പോയി... 
കാലത്ത് നോക്കുമ്പോൾ ദേവിയെ കാണാനില്ല.പക്ഷേ നാണിയുടെ കുടിയുടെ ചുറ്റുമപ്പോൾ ചെമ്പകം പൂത്ത മണം അലയടിക്കുന്നുണ്ടായിരുന്നു...

#ദിപിൻ_ജയദീപ്

സ്നേഹക്ഷതങ്ങൾ

കത്തും വിളക്കിന്റെ പുഞ്ചിരി നോക്കി 
കിട്ടാക്കനി കിട്ടിയെന്നോർത്ത്
അതിനു നേർക്ക് പറന്നു ചെന്ന
ശലഭം പോലെ കരിഞ്ഞു പോയി ഞാൻ ... 

കണ്ണു നീരുണങ്ങിയ കവിളിൽ തട്ടി 
ചുടു മുത്തം നൽകിയപ്പോൾ 
അതെന്റെ സ്വപ്നങ്ങളുടെ 
മൃതശരീരത്തിൽ നീ നൽകിയ 
അന്ത്യ ചുംബനമെന്ന് ഞാൻ ഓർത്തില്ല...

ഒടുവിൽ കണ്ട പാതി മങ്ങിയ 
നിന്റെ മുഖമൊരു കൃഷ്‌ണശിലയിൽ
കോറിവരച്ച രേഖാചിത്രം പോലെ 
അരണ്ടും തെളിഞ്ഞും കത്തിനിൽപ്പുണ്ട്... 

കടൽ പോലും തേങ്ങിയിരമ്പുന്നത് 
ഞാൻ അറിയുന്നുണ്ട്
കണ്ണിൽ ഇരുട്ട് മൂടുന്ന പകലുകൾ 
നിനക്ക് അപരിചിതമായിരിക്കും 

സ്വപ്നങ്ങൾ ഉഴുതു മറിച്ചു നാമന്ന് 
ഒരുമിച്ചൊരു ചെമ്പകം നട്ടിരുന്നു 
മോഹങ്ങൾ പോലെ പൂത്ത മൊട്ടുകൾ
പാതി വിരിഞ്ഞപ്പോഴേ കൊഴിയണമല്ലേ? 

തനിയാവർത്തനം ചെയ്ത 
മറ്റൊരു  ദുരന്തത്തിന് കൂടി 
കലാശം കുറിച്ചു ഞാനെന്റെ 
തൂലിക താഴെ വയ്ക്കുന്നു... 

വെറുതെയെങ്കിലും ഒരു മോഹം
എന്റെ ചിന്തകൾ മഞ്ഞുപോലെ 
ഉരുകിയൊലിക്കണമെന്ന് 
നമ്മുടെ പൂക്കാലം കാണണമെന്ന്...

#ദിപിൻ_ജയദീപ്.