അത്താഴം കഴിഞ്ഞു ചട്ടിയും കലവും മോറി എഴുന്നേറ്റ് നിന്നപ്പോൾ അടുക്കള പുറത്തു ഇരുട്ടിൽ ഒരു കിലുക്കം...
നാണി, ചിമ്മിണി വിളക്ക് തലയ്ക്കു മീതെ പൊക്കി വളപ്പിലേക്ക് ഏന്തി നോക്കി.
ശീമക്കൊന്നവേലിക്കിടയിൽ കൂടി ആരോ നൂണ്ടു കടന്നു വളപ്പിലേക്ക് കയറുന്ന നിഴല് കണ്ടു.
പതുക്കെ ആ കിലുക്കം അടുത്തു വന്നതും നാണി വിളക്കും താഴെയിട്ടു പിന്നോക്കം ചാടി.
"ന്റെ, മുച്ചിലോട്ടമ്മേ... ങ്ങളോ.... "
ചോര ചുവപ്പുള്ള പട്ടു കൊണ്ട് അരയിൽ ഞൊറിഞ്ഞു കെട്ടി, സ്വർണ്ണ കസവുള്ള മുലക്കച്ച കെട്ടി കയ്യിലും മെയ്യിലും നിറയെ പൊന്നും ചാർത്തി സാക്ഷാൽ മുച്ചിലോട്ട് ഭഗവതി അതാ നാണിയുടെ അടുക്കളപ്പുറത്ത്.
നാണിക്ക് തൊണ്ട വരണ്ടു. ഒച്ച പൊന്തിയില്ല. കണ്ണു മിഴിച്ചു കൊണ്ട് ദേവിയെ തന്നെ നോക്കി ഒറ്റ നിൽപ്പ്. ദേവി നുണക്കുഴി കാട്ടി പുഞ്ചിരിച്ചു.
ചെമ്പകപ്പൂവിന്റെ മണം കൊണ്ട് അവിടമാകെ നിറഞ്ഞു.
"ദേവീ... എന്താ ഇവിടെ... ഈ നേരത്ത്..."
നാണി തൊഴു കൈയ്യോടെ ചോദിച്ചു.
ചായ്പ്പിൽ കിരീടം മുട്ടാതിരിക്കാൻ തല കുനിച്ചു കൊണ്ട് ദേവി നാണിയുടെ അടുക്കളയിൽ കയറി കൊരണ്ടി പലകമേൽ കുത്തിയിരിപ്പായി.
ഒരു സ്വപ്നം പോലെ നാണി അതു നോക്കി നിന്നു.
"നാണി, എനിക്ക് വിശക്കുന്നു എന്തെങ്കിലും തായോ..."
ദേവി ദയനീയമായി നാണിയെ നോക്കി, നാണി ദയനീയമായി തന്റെ മോറി കുമ്പിട്ടു വച്ച കലത്തിലും നോക്കി.
"ഒന്നും ഇരിപ്പില്ല തമ്പാട്ടിയെ...
ആകേണ്ടായത് നാല് വറ്റും ഒഴക്ക് വെള്ളവും, അതു ഞാൻ കുടിച്ചു പോയല്ലോ... "
ദേവി ഒരു ദീർഘ നിശ്വാസം കഴിച്ചു.
"തമ്പാട്ടിയെ, ങ്ങക്ക് അവിട തിന്നാനും കുടിക്കാനും ഇഷ്ടം പോലെ കിട്ടില്ലേ... പിന്നെന്താ ഇത്ര വെസപ്പ്..
അടിയത്തുങ്ങൾ ഒരു നേരം തിന്നാ പൈപ്പടക്കുന്നെ... "
നാണി താടിക്ക് കൈ കുത്തി അതിശയിച്ചു.
"നാണി, ഞാൻ ഇന്ന് നിന്റെ കൂടെ ഇരിക്കട്ടെ..എനിക്ക് ഒരു പായും തലയിണയും തരുമോ നീ "
ദേവി ചോദിച്ചു,
നാണി ആകെ ചിന്താ കുഴപ്പത്തിൽ ആയി. എന്തു പറയണം, നാട് കാക്കുന്ന ദേവിയാണ് ഒരു ചെറുമി പെണ്ണിന്റെ കുടിയിൽ വന്ന് കഞ്ഞി ചോദിക്കുന്നു, കിടക്കാൻ ഇടം ചോദിക്കുന്നു... ആരെങ്കിലും അറിഞ്ഞാൽ എന്തു കരുതും.
"ആ കോവിലിൽ ഒറ്റയ്ക്ക് പൂട്ടി ഇട്ട് എല്ലാവരും പോകും... ഞാനും ഒരു പെണ്ണ് ആണ് നാണി..
ഇന്നലെ ആ കിഴവൻ നമ്പൂരി കോവിൽ തഴുതിടാൻ മറന്നു ആ തക്കത്തിന് ആണ് ഞാൻ ഒന്ന് പുറത്തു ഇറങ്ങിയെ... "
നാണിയുടെ ചിന്ത കണ്ടപ്പോൾ ദേവി പരിഭവിച്ചു.
"ശരിയാ, ആടെ ആരും ങ്ങക്ക് കൂട്ടിന് ഇല്ലല്ലോ അല്ലെ..."
നാണിക്കും അത് ശരിയെന്ന് തോന്നി.
"എന്നെ രാവിലെ ഉണർത്തുന്നതും കുളിപ്പിക്കുന്നതും ഊട്ടുന്നതും ഉറക്കുന്നതും എല്ലാം ആ വയസ്സൻ നമ്പൂരി ആണ് നാണി...
ഓരോ പെണ്ണുങ്ങളും കളിച്ചും ചിരിച്ചും നടക്കുമ്പോൾ ഞാൻ മാത്രം
ആ കൽത്തുറുങ്കിൽ... ഒറ്റയ്ക്ക് "
ദേവിക്ക് തൊണ്ടയിടറി...
അതു കണ്ട് നാണിക്കും സങ്കടമായി. അവൾ ഓടി പോയി തഴപ്പായും തലയിണയും കൊണ്ടു വന്ന് തട്ടി കുടഞ്ഞു വിരിച്ചു. ദേവിയോട് കിടന്നോളാൻ പറഞ്ഞു.
"നാണി, എന്തേ എനിക്ക് പെണ്ണുങ്ങൾ പൂജ കഴിച്ചാൽ.. ആണുങ്ങൾ വന്ന് താറും പാച്ചി ഇരിക്കും... അയ്യോ"
ദേവി തലയിൽ കൈ വച്ചു പോയി.
മുടിവാരി ഉച്ചിയിൽ കെട്ടി, ഒരു കോട്ടുവാ ഇട്ടു കൊണ്ട് നാണിയും കൂടെ കിടന്നു.
പതിവ് പോലെ കിടക്കുമ്പോൾ മുച്ചിലോട്ട് ദേവിയെ വിളിച്ചു പോയി...
ദേവി അരികത്തു കിടന്ന് മൂളിയപ്പോൾ നാണിക്ക് ചിരി പൊട്ടി.
"ദേവീ, ഈ ലോകത്ത് നമ്മൾ പെണ്ണുങ്ങൾ എല്ലാം കണക്കാ ല്ലേ..
ദേവി ആയാലും ഈ നാണി ആയാലും, മനയ്ക്കളെ കുഞ്ഞോത്തോലമ്മ ആയാലും ഒക്കെ കണക്കാ... "
നാണി വേദാന്തി ആയി.
ദേവി ഒന്നു പൊട്ടിച്ചിരിച്ചു..
"നാണി, നിനക്ക് അറിയുമോ ഈ ലോകത്ത് രണ്ടു തരം പെണ്ണുങ്ങൾ മാത്രേ ഉള്ളു..
ഒന്ന് ആണുങ്ങൾ മോഹിക്കുന്ന പെണ്ണ്
രണ്ട് ആണുങ്ങളെ മോഹിക്കുന്ന പെണ്ണ്
രണ്ടിനും അടിമത്തം തന്നെ യോഗം.. "
നാണി, നെറ്റി ചുളിച്ചു ആലോചനയിൽ ആണ്ടു..
കുറെ നേരം കഴിഞ്ഞപ്പോൾ തലയിൽ കാര്യം കത്തി.
"തമ്പാട്ടി, ഈ ലോകം ആണുങ്ങൾ അവർക്ക് വേണ്ടി അവരാലെ ഉണ്ടാക്കി വച്ചത് ആണ്. നമ്മൾ അവർക്ക് സുഖിക്കാനും പെറ്റു പെരുക്കാനും ഉള്ള യന്ത്രങ്ങൾ മാത്രം... ല്ലേ... "
നാണി ദേവിയെ നോക്കി..
ദേവി സുഖമായി കൂർക്കം വലിച്ചു ഉറങ്ങി തുടങ്ങി.
ആദ്യമായി, സുരക്ഷിതമായി അങ്ങനെ ഉറങ്ങി പാവം ദേവി.
നാണി ചിമ്മിണി വിളക്ക് ഊതിയില്ല, ഉറങ്ങാതെ ദേവിക്ക് കൂട്ടിരുന്നു...
നേരം പര പരാ വെളുത്തപ്പോ ആരും കാണാതെ ദേവി ശീമക്കൊന്ന വെളിയും ചാടി ചിലമ്പും കിലുക്കി അമ്പലത്തിലേക്ക് ഓടി പോയി...
കാലത്ത് നോക്കുമ്പോൾ ദേവിയെ കാണാനില്ല.പക്ഷേ നാണിയുടെ കുടിയുടെ ചുറ്റുമപ്പോൾ ചെമ്പകം പൂത്ത മണം അലയടിക്കുന്നുണ്ടായിരുന്നു...
#ദിപിൻ_ജയദീപ്
No comments:
Post a Comment