പിലാവുള്ള വളപ്പിലെ ജാനൂട്ട്യേടത്തിക്ക് ഒരു പൂതി, പഴനിമലവരെ ഒന്നു പോണം. വെറുതെ ഒരു തീർത്ഥാടനം! ആഗ്രഹമറിയിച്ചതും സഖാവ് നാണുവേട്ടൻ വാളോങ്ങി. "പഴനിമലയിൽ വരെ പോയിവരാൻ ഉറുപ്പിക എത്ര്യാ...? "
അയൽക്കൂട്ടത്തിലെ പെണ്ണുങ്ങളെല്ലാരും കൂടി ഏതാണ്ടൊരു മാസം മുമ്പൊരു തീർത്ഥയാത്ര പോയതാണ്. അന്നും ജാനൂട്ട്യേടത്തി പോയില്ല. ഇതിപ്പോ തഞ്ചത്തിനൊരു അവസരമൊത്തതാണ്. അനിയത്തി കല്യാണിയുടെ ചെറുമകന് പഴനിയിൽ പോയി മുടികളയാൻ ഒരു നേർച്ചയുണ്ട്. കാശ് മുടക്കാതെ പോയി വരാം. കൂട്ടത്തിൽ മധുര മീനാക്ഷിയേം കാണാം വരും വഴി ഗുരുവായൂരും ഒന്ന് തൊഴുതിങ്ങു പോരാം.വല്ല ചില്ലറയും വഴിച്ചെലവിന് കരുതിയാൽ പോരേ.. പക്ഷെ, നാണ്വേട്ടൻറെ കടമ്പ കടക്കണം എല്ലാത്തിനും.
മൂപ്പര് എന്നും കടും പിടുത്തക്കാരനാണ്. ആഗ്രഹിച്ചതൊക്കെ നേടാൻ വല്ലാത്ത വാശിയാണ് എന്നും. കൈത്തറിമില്ലിൽ പണിക്കു പോയ ജാന്വേടത്തിയെ ആറുമാസം പണിപ്പെട്ടാണ് നാണ്വേട്ടൻ വളച്ചൊടിച്ച് കുപ്പീലാക്കിയത്.
അധികം വൈകാതെ രണ്ടാളും കൂടി പൊറുതി തുടങ്ങി. ഒരു കാലൊടിഞ്ഞ കസേരയും രണ്ട് മൺകലവും എഴുത്തുമേശയും മാത്രമായിരുന്നു നാണ്വേട്ടന് സ്വന്തമായുണ്ടായിരുന്നത്.പിന്നെ പുറം ചട്ട ദ്രവിച്ചിളകിയ കുറേ പുസ്തകങ്ങളും ഒരു പാണ്ടൻ നായയും. ജാന്വേടത്തി വന്നതോടെ നായയുടെ സ്ഥാനം ഒറ്റമുറി കൂരയ്ക്ക് പുറത്തായി.
രണ്ടാളും എല്ലുമുറിയെ പണിയെടുത്താണ് കഴിഞ്ഞത്. കച്ചിപ്പുര അങ്ങനെ ഓടു മേഞ്ഞ വീടായി മാറിയപ്പോഴേക്കും നാണ്വേട്ടൻറെ മീശ നരച്ചു തുടങ്ങി, അപ്പോഴും ആശ നരക്കാതെ കാത്തുസൂക്ഷിച്ചിരുന്നു ആശാൻ! ചെമ്പരത്തിപ്പൂവിട്ട കാച്ചെണ്ണ തേച്ചതോണ്ടാവണം ജാന്വേടത്തിക്ക് നര തീരേ വന്നുമില്ല.
കല്യാണം കഴിഞ്ഞ് ആദ്യമായി രണ്ടാളും പോയത് 'കണ്ണപ്പനുണ്ണി' കാണാനായിരുന്നു.
"കണ്ടാലോ സുന്ദരൻ എൻറെ മാരൻ
കരവാളെടുത്താലും, കരളലിവുള്ളവൻ"
എന്ന് ജയഭാരതി പാടിയപ്പോൾ ജാന്വേടത്തി നാണ്വേട്ടനെ പാളി നോക്കി. കൊട്ടകയിലെ ഇരുട്ടിൽ അവരുടെ നാലു കണ്ണുകളും നല്ലോണം തിളങ്ങി.
കടലു കാണണം എന്നു പറഞ്ഞപ്പോൾ ഒരാഴ്ചക്കുള്ളിൽ ജാന്വേടത്തിയെ കടലു കാണിച്ചു.
അതുപൊലൊരിക്കൽ മൃഗശാലയും കണ്ടു. എല്ലാം ശരി, പക്ഷെ അമ്പലം തെണ്ടാൻ മാത്രം മൂപ്പരെ കിട്ടില്ല.
പഴനിമലയ്ക്കു വിട്ടില്ലെങ്കിൽ ചത്തുകളയുമെന്നായി ജാന്വേടത്തി. അനുവാദമില്ലാതെ പോകാൻ അവർക്ക് വയ്യതാനും.
ഒടുവിൽ നാണ്വേട്ടൻറെ മനസ്സിളകി.
"ജാന്വേ... നീ പോയ്ക്കോ... പക്ഷെ.."
ആ പക്ഷേ... ജാന്വേടത്തിയുടെ നെറ്റി ചുളിപ്പിച്ചു, ചെവി കൂർപ്പിച്ചു. ഇരുവർക്കുമിടയിൽ നീണ്ട നിശബ്ദത തളം കെട്ടി.
"പക്ഷെ... എനിക്കറിയണം, ആടെ പോയാ എന്താ കിട്ട്വാന്ന്"
ഇതു കേട്ടതും ജാനു ചുണ്ടു കോട്ടി.
"അതോരു പുണ്യ സ്ഥലല്ലേ ഏട്ടാ. അവിടെ എന്നും തിരക്കോട് തിരക്കല്ലേ...? ഭഗവാനോട് പെണങ്ങീറ്റ് പണ്ട് മുരുകൻ പോയി കൂടിയത് ആടയല്ലേ..."
പക്ഷെ നാണ്വേട്ടൻ തൃപ്തനായില്ല.
" എനക്കതൊക്കെ അറിയാത്തോണ്ടല്ലെണേ...ഞ്ഞി, ആട പോയിറ്റ് എന്താ ലാഭം കിട്വ ജാന്വേ??? "
ജാന്വേടത്തി ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ച് അകത്തേക്കു പോയി.പിന്നെ അകത്തെ ചരുവങ്ങളും ഉരുളിയും നാണ്വേട്ടനെ ശകാരിച്ചു തുടങ്ങി. കറിക്കരിയുന്ന ചുണ്ടൻ പിച്ചാത്തിയും വെള്ളം കോരാൻ കിണറ്റിലിറങ്ങിയ തോട്ടിയും നാലുമണിക്ക് പതിവുള്ള കട്ടൻചായവരുന്ന ഗ്ലാസു പോലും നാണ്വേട്ടനെ കണക്കിന് ശകാരിച്ചു.
അടുക്കളപ്പിന്നാമ്പുറത്ത് അരകല്ലിൽ മുഖമൂന്നി ചിന്താവിഷ്ടയായിരിക്കുന്ന കഥാനായികയ്ക്കരികെ നായകൻ ചെന്ന് ഒടുവിൽ കീഴടങ്ങി. പോകാൻ അനുവാദം നൽകി.
കെട്ടും ഭാണ്ഡവുമേന്തി പ്രസന്നവദനയായി പുറപ്പെടുന്ന ജാന്വേടത്തിയോട് നാണ്വേട്ടൻ ഒരു കാര്യം പ്രത്യേകം പറഞ്ഞു. പോകുന്ന ക്ഷേത്രങ്ങളുടെ മുറ്റത്തൂന്നെല്ലാം ഒരു പിടി മണ്ണു സഞ്ചീലാക്കി കൊണ്ടുവരണം.
കാര്യം പിടികിട്ടിയില്ലെങ്കിലും മൂപ്പത്ത്യാരത് സമ്മതിച്ചു. യാത്രയ്ക്കു പോയി.
നാലാം ദിവസം ക്ഷീണിച്ചവശയായി ജാന്വേടത്തി വീട്ടിലെത്തി. നാണ്വേട്ടന് കൊടുക്കാൻ അലുവയും അരിപൊരിയും പഞ്ചാമൃതവും ഒക്കെ എടുത്ത് നിരത്തുന്നതിനിടെ നാണ്വേട്ടൻ ആ മണ്ണിട്ട സഞ്ചി തിരക്കി. വളരെ ശ്രദ്ധാപൂർവ്വം ജാന്വേടത്തി ആ ജോലി ചെയ്തിരുന്നു. ഒരു കിഴി നിറയെ മണ്ണ് നാണ്വേട്ടൻറെ കൈയ്യിലേക്ക് ഭക്തിപുരസ്സരം നീട്ടി കൃതാർത്ഥയായി.
അകത്ത് നിന്നും നാണ്വേട്ടനും ഒരു കിഴി കൊണ്ടുവന്നു. രണ്ടും കെട്ടഴിച്ച് മുറ്റത്ത് ഒരുമിച്ച് വിതറിയ ശേഷം പുഞ്ചിരിയോടെ വാമഭാഗത്തെ നോക്കി.
"ജാന്വേ, ഇതിലിപ്പോ താൻ പോയ പുണ്യസ്ഥലങ്ങളിലെ മണ്ണുംണ്ട് ഇവിടുത്തെ ഒരോ വളപ്പീന്നും ഞാനെടുത്ത മണ്ണുംണ്ട്..."
ജാന്വേടത്തി നിശബ്ദയായി ഏതോ ജാലവിദ്യകാണാനെന്ന പോലിരുന്നു. നാണ്വേട്ടൻ തുടർന്നു.
"ഈ മണ്ണൊക്കെ ഒരുമിച്ചിളക്കിയപ്പോ തനിക്കിതീന്ന് പഴനീത്തെ മണ്ണോ ഗുരുവായൂർത്തെ മണ്ണോ മധുരേലെ മണ്ണോ കണ്ടുപിടിക്കാമ്പറ്റുമോ...?
ഇല്ല...!!!
ഞാനെടുത്ത രാജൻറെ വളപ്പിലെ മണ്ണോ മമ്മദിൻറെ വളപ്പിലെ മണ്ണോ നമ്പ്യാര് മാഷെ വളപ്പിലെ മണ്ണോ വേർതിരിക്കാനും പറ്റൂല്ല..."
ജാന്വേടത്തി തലയാട്ടി.
നാണ്വേട്ടൻ വിവരിച്ചു, ഈ ഭൂമിയിലെ എല്ലാ ഇടങ്ങളും ഒരുപോലെയാണെന്ന സത്യം. ഒരിടം പുണ്യസ്ഥലമെന്നും വേറൊരിടം വിശുദ്ധ നാടെന്നുമൊക്കെ ആളുകൾ ഓരോ താൽപര്യങ്ങൾക്കായി പടച്ചുണ്ടാക്കിയതാണെന്നും ഇനി അഥവാ ദൈവമെന്ന അജ്ഞാത ശക്തി ഉണ്ടെങ്കിൽ തന്നെ അതിൻറെ പ്രാദേശിക കേന്ദ്രങ്ങളും ഹെഡ്ഡാഫീസും പോലെ ചെറു ദേവാലയങ്ങളും വലിയ ദേവാലയങ്ങളും ഒക്കെ മാറ്റേണ്ടതില്ല. അതൊക്കെ പണം കളിക്കണ കളികൾ മാത്രമാണെന്ന് വിവരിച്ചു.
നിലത്തു വീണ് ചിതറിയ മൺതരികൾ വെറുതെ ഒന്ന് വാരിയിളക്കിയ ശേഷം മൂപ്പത്ത്യാരും പുഞ്ചിരിച്ചു.
"ശരിയാണ്, ഈ ഭൂമിമുഴുക്കെ പുണ്യസ്ഥലാ... "
നാണ്വേട്ടൻ സന്തോഷവാനായി ഭാര്യയുടെ തോളത്തു കൈയ്യിട്ട് അകത്തേക്കാനയിച്ചു..
"ഏതായാലും താൻ കൊണ്ടുവന്ന പഞ്ചാമൃതം കഴിക്കാം, കാശ് കൊടുത്ത് വാങ്ങിയതല്ലേ...."
© Dipin Jayadip
No comments:
Post a Comment